കട്ടപ്പന: നഗരത്തിലെ നിരീക്ഷണ കാമറകൾ ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് നഗരസഭാദ്ധ്യക്ഷ ബീന ജോബി അറിയിച്ചു. കൂടുതൽ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനൊപ്പം വഴിവിളക്കുകളും നന്നാക്കുമെന്നും അവർ പറഞ്ഞു. 'കേരള കൗമുദി' വാർത്തയെ തുടർന്നാണ് നടപടി. 11 ലക്ഷം രൂപ മുതൽമുടക്കിൽ 16 ഇടങ്ങളിലായി സ്ഥാപിച്ച 32 കാമറകൾ 2018 ഏപ്രിൽ 27 മുതലാണ് പ്രവർത്തിച്ചുതുടങ്ങിയത്. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാൻ സൗകര്യവും നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കിയിരുന്നു. ആദ്യകാലങ്ങളിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിൽ പൊലീസിന്റെ സേവനം വേഗത്തിൽ ലഭ്യമാക്കാൻ സാധിച്ചിരുന്നു. കൂടാതെ നിരവധി മോഷണക്കേസുകളിൽ പ്രതികളെ കണ്ടെത്താൻ ദൃശ്യങ്ങൾ സഹായകരമായിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനുള്ളിൽ തന്നെ ഭൂരിഭാഗം കാമറുകളും പ്രവർത്തനരഹിതമായി. ഇക്കാര്യം പൊലീസ് പലതവണ നഗരസഭയെ അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടിയുണ്ടായില്ല.
ഏതാനും മാസങ്ങളായി കട്ടപ്പനയിലും സമീപ പ്രദേശങ്ങളിലും മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. പല കേസുകളിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രണ്ടാഴ്ച മുമ്പ് വെട്ടിക്കുഴക്കവലയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചിരുന്നു. കൊച്ചുതോവാള എസ്.എൻ. ജംഗ്ഷനിൽ വീടിനുള്ളിൽ വീട്ടമ്മ കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കാമറകളുടെ തകരാർ പരിഹരിക്കാൻ നഗരസഭ ഇടപെടുകയായിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ ക്യാമറകൾ സ്ഥാപിക്കാനും അറ്റകുറ്റപ്പണി നടത്താനുമായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.