അടിമാലി: പ്രളയം തകർത്ത മാങ്കുളം ആറാംമൈലിലെ തൂക്കുപാലം പുനർനിർമ്മിച്ചു.ആറാംമൈലിൽ ജോർജ്ജിയാർ പള്ളിക്ക് സമീപം നല്ലതണ്ണിയാറിന് കുറുകെയായിരുന്നു ആട്ടുപാലമെന്ന് നാട്ടുകാർ വിളിക്കുന്ന പഴയ തൂക്കുപാലം സ്ഥിതി ചെയ്തിരുന്നത്.പ്രദേശവാസികൾ അക്കരയിക്കരെയെത്താൻ പാലത്തെ ആശ്രയിച്ച് വന്നിരുന്നതിനൊപ്പം മാങ്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയായിരുന്നു ഈ തൂക്കുപാലം.പാലത്തിൽ കയറി ചിത്രം പകർത്താനും പുഴയുടെ ഭംഗിയാസ്വദിക്കാനുമൊക്കെ ദിവസവും സഞ്ചാരികൾ ഇവിടേക്കെത്തിയിരുന്നു.എന്നാൽ പ്രളയകാലത്ത് പാലം തകർന്നതോടെ നാട്ടുകാരുടെ യാത്രാമാർഗ്ഗം ഇല്ലാതായതിനൊപ്പം പ്രദേശത്തിന്റെ വിനോദ സഞ്ചാരസാധ്യതക്കും മങ്ങലേറ്റു.പിന്നീട് പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ തൂക്കുപാലം നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തു.നിർമ്മാണം പൂർത്തീകരിച്ച പുതിയ തൂക്കുപാലം മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.പുഴയ്ക്ക് ഇരുവശവും വലിയ കോൺക്രീറ്റ് തൂണുകൾ നിർമ്മിച്ച് അതിലാണ് തൂക്കുപാലം ബന്ധിപ്പിച്ചിട്ടുള്ളത്.54 മീറ്റർ നീളം പാലത്തിനുണ്ട്.പുഴ കരകവിഞ്ഞാലും അതിജീവിക്കാൻ കഴിയും വിധം ഉയരത്തിലാണ് പുതിയ തൂക്കുപാലത്തിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.