nh

അടിമാലി: ഇവിടെ ദേശീയപാതയിൽ അപകടങ്ങൾ നിത്യസംഭവമായി മാറിക്കഴിഞ്ഞു. വളരെ നല്ല റോഡാണ് പക്ഷെ ചെറുതും വലുതുമായ വളവുകളാണ് വില്ലനാകുന്നത്. അടിമാലി -കുമളി ദേശിയപാതയിൽ കല്ലാർകുട്ടിമുതൽ പനംകുട്ടി വരെയുള്ള ഭാഗത്താണ് വളവുകൾ ഏറെയുള്ളത്. ഇവയൊക്കെ നിവർത്തി റോഡ് വികസനം സാദ്ധ്യമാക്കണമെന്ന്ന ആവശ്യം ഉയർന്ന് വന്നിട്ട് നാളേറെയായെങ്കിലും ഇനിയും പ്രാവർത്തികമായിട്ടില്ല. .ഈ ഭാഗത്ത് പാതക്ക് വീതികുറവാണെന്നതിനൊപ്പം തുടരെ തുടരെ അപകട സാദ്ധ്യതയേറിയ കൊടും വളവുകളുമുണ്ട്.പലപ്പോഴും വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവായി പോകുന്നത് തലനാരിഴക്കാണ്.ഇത്തരം സാഹചര്യത്തിലാണ് വളവുകൾ നിവർത്തിയും വീതി വർദ്ധിപ്പിച്ചും റോഡ് വികസനം സാദ്ധ്യമാക്കണമെന്നാവശ്യമുയർന്നിട്ടുള്ളത്.അടിമാലി- കുമളി പാത ദേശിയപാതയായി മാറിയതോടെ ഗുണനിലവാരമുള്ള ടാറിംഗ് ജോലികളാണ് നടത്തിയിട്ടുള്ളത്.ഇതു വഴി വാഹനങ്ങൾ പലപ്പോഴും അമിത വേഗതയിൽ കടന്നു പോകുന്ന സാഹചര്യമുണ്ട്.ഇടുക്കിയിൽ നിന്നും വിനോദ സഞ്ചാരികൾ മൂന്നാറിലേക്കെത്തുന്നതും അടിമാലി -കുമളി ദേശിയപാതയിലൂടെയാണ്.പാതയെ ദേശിയപാതയായി ഉയർത്തിയെങ്കിലും കല്ലാർകുട്ടി മുതൽ പനംകുട്ടി വരെയുള്ള ഭാഗത്ത് റോഡിന് വേണ്ട വികസനം ഇല്ലെന്നാണ് ആക്ഷേപം.