ചിറക്കടവ്: പ്രദേശത്ത് പകൽ മുഴുവൻ വൈദ്യുതി മുടക്കം; പിന്നീട് രാത്രി വൈകിയും വൈദ്യുതിവിതരണം പുന:സ്ഥാപിച്ചില്ല. ചിറക്കടവ് അമ്പലം, എസ്.ആർ.വി, ചേന്നംപള്ളിപ്പടി, മുരുത്തുമല പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് ഇന്നലെ ദുരിതമനുഭവിച്ചത്. മുൻകൂട്ടി അറിയിച്ചാണ് അറ്റകുറ്റപ്പണിക്കായി വൈദ്യുതി വിതരണം നിറുത്തിവെയ്ക്കുന്നത്. ഇന്നലെ അതുണ്ടായില്ല. കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചു ചോദിച്ചവരോട് അറ്റകുറ്റപ്പണിയെന്ന് വിശദീകരിച്ചെങ്കിലും വൈകുന്നേരമായിട്ടും പുന:സ്ഥാപിച്ചില്ല. വൈകിട്ട് വിളിച്ചവരോട് മെയിൻലൈൻ തകരാറെന്ന മറുപടിയാണ് നൽകിയത്. വീടുകളിൽ വെള്ളം പമ്പിംഗ് നടത്താനാവാതെ ജനങ്ങൾ വലഞ്ഞു. ദിവസങ്ങളായി ഇതാണ് സ്ഥിതിയെന്നാണ് പ്രദേശവാസികളുടെ പരാതി. പകൽ മുഴുവൻ വൈദ്യുതിയുണ്ടാവില്ല. പിന്നീട് വൈകിട്ട് വൈദ്യുതി എത്തും,പിന്നാലെ മഴയും. മഴ തുടങ്ങിയാൽ വീണ്ടും വൈദ്യുതി നിലയ്ക്കും. പിന്നീട് അടുത്തദിവസമാണ് എത്തുന്നത്.