കട്ടപ്പന: മുൻസിപ്പൽ വൈസ് ചെയർമാൻ സ്ഥാനത്ത്നിന്നും ജോയി വെട്ടിക്കുഴിയുടെ രാജിയെ തുടർന്നുണ്ടായ വിവാദത്തിൽ എ ഗ്രൂപ്പിന്റെ ആരോപണങ്ങൾ തള്ളി നഗരസഭാദ്ധ്യക്ഷ ബീന ജോബി. വിവരമറിഞ്ഞ് അദ്ദേഹത്തെ വിളിച്ചപ്പോൾ വിദേശത്ത് പോകുന്നതിനാണ് രാജിവച്ചതെന്നുള്ള മറുപടിയാണ് പറഞ്ഞത്. കൗൺസിൽ അറിയാതെ ഏകപക്ഷീയമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. കംഫർട്ട് സ്റ്റേഷൻ തുറക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പുണ്ടാകാം. മുമ്പ് കംഫർട്ട് സ്റ്റേഷനുകൾ അടയ്ക്കുന്ന കാര്യം തന്നെയോ കൗൺസിൽ അംഗങ്ങളെയോ അറിയിച്ചിരുന്നില്ല. നഗരസഭയുടെ തന്നെ മാംസ,മത്സ്യ സ്റ്റാളുകൾ, സ്ലോട്ടർഹൗസ് ഉൾപ്പെടെയുള്ളവ ലേലത്തിൽ പിടിച്ച ഇനത്തിൽ ലക്ഷങ്ങൾ കിട്ടാനുണ്ട്. എന്നാൽ ഇവയൊന്നും അടച്ചിടാതെ കംഫർട്ട് സ്റ്റേഷനുകൾ മാത്രം പൂട്ടാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. കൗൺസിൽ യോഗത്തിലും ഈ വിഷയത്തിൽ വിമർശനമുണ്ടായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് കംഫർട്ട് സ്റ്റേഷനുകൾ തുറക്കാൻ തീരുമാനിച്ചത്. മുൻ ഭരണസമിതി കാലാവധി പൂർത്തിയാക്കിയപ്പോൾ 5 ലക്ഷം രൂപ മാത്രമാണ് ഫണ്ടായി ഉണ്ടായിരുന്നത്. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം മാസങ്ങൾക്കുള്ളിൽ 5 കോടി രൂപ നികുതിയിനത്തിൽ പിരിച്ചെടുത്തു. മുൻ ഭരണസമിതി കരാറുകാർ ഉൾപ്പെടെയുള്ളവർക്ക് കൊടുക്കാനുള്ള തുകയും നൽകിയതായും ബീന ജോബി പറഞ്ഞു.