കോട്ടയം: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഹോട്ടൽ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകണമെന്ന് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചത് ഹോട്ടൽ മേഖലയാണ്. അവശ്യസാധനങ്ങളുടെ വില വർദ്ധനവ് അടക്കം മൂലം കനത്ത നഷ്ടത്തിലായിരിക്കുന്ന ഹോട്ടൽ മേഖലയ്ക്ക് പ്രതിസന്ധിയായിരിക്കുകയാണ് ഇപ്പോൾ വീണ്ടും എത്തുന്ന കൊവിഡ്. റംസാൻ നോമ്പ് കാലത്ത് 9 ന് ഹോട്ടലുകൾ അടയ്ക്കണമെന്ന നിർദേശം വളരെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പകലുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെങ്കിൽ രാത്രി 11 മണിവരെയെങ്കിലും ഹോട്ടലുകൾ പ്രവർത്തിച്ചെങ്കിൽ മാത്രമേ സാധിക്കൂ. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കുന്നതിനും, ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടിയും, സെക്രട്ടറി എൻ.പ്രതീഷും ആവശ്യപ്പെട്ടു.