കോട്ടയം: കൊവിഡ് വ്യാപന ഭീഷണിയിൽ രണ്ടുവർഷമായി മാന്ദ്യത്തിന്റെ പിടിയിലാണ് സ്കൂൾ വിപണി. കഴിഞ്ഞ വർഷം ജനുവരിയിൽ സ്റ്റോക്കെടുത്ത ബാഗ്, ബുക്ക്, കുട, പേപ്പർ തുടങ്ങിയ സാമഗ്രികൾ ഒരു വർഷം പിന്നിടുമ്പോഴും കടകളിൽ വിൽക്കാനായിട്ടില്ല. വരും അദ്ധ്യയന വർഷവും സ്കൂളുകൾ അടഞ്ഞു കിടക്കുമെന്ന ആശങ്ക വന്നതോടെ സ്കൂൾ-കോളേജ് വിപണിയിൽ വീണ്ടും വിൽപ്പനയിൽ മാന്ദ്യം തുടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ലോക്ക്ഡൗൺ വന്നതോടെ അടഞ്ഞു കിടന്ന കടകളിൽ ഏറെ സാധനങ്ങളുടെ സ്റ്റോക്ക് വിൽക്കാനാവാത്ത വിധം കേടുപാട് സംഭവിച്ചു നഷ്ടമുണ്ടായി. വലിയ തുക കടമെടുത്താണ് വ്യാപാരസ്ഥാപനങ്ങൾ സ്കൂൾ തുറക്കൽ പ്രമാണിച്ച് കമ്പനികളിൽ നിന്ന് സ്റ്റോക്കെടുക്കുന്നത്. ഷൂ, കുട, ബാഗ് തുടങ്ങിയ സാമഗ്രികൾ അതാത് വർഷം വിറ്റു പോയില്ലെങ്കിൽ ഈടും നിറവും നഷ്ടപ്പെടും. പൊടിപിടിക്കാതെയും എലി ഉൾപ്പെടെ ക്ഷുദ്രജീവികളുടെ ശല്യമില്ലാതെയും ഗോഡൗണുകളിൽ സൂക്ഷിച്ചുവയ്ക്കുകയെന്നതും ദുഷ്‌കരമാണ്. ബാഗ് തുടങ്ങിയ സാധാനങ്ങളുടെ ഫാഷൻ മാറി വരുന്നതും വിൽപ്പനയെ ബാധിക്കും. എന്നാൽ, സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ ബാഗ്, കുട തുടങ്ങിയവയൊന്നും കുട്ടികൾക്ക് ആവശ്യമില്ലാതെയായി.
കൊല്ലം, കുന്നംകുളം, ആലപ്പുഴ കേന്ദ്രങ്ങളിൽ നിന്നാണ് നോട്ട് ബുക്കുകളും കുടകളും പ്രധാനമായി ജില്ലയിൽ എത്തുന്നത്. ഇതിന് പുറമെ ഡൽഹി, മുംബൈ, ശിവകാശി, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന വിവിധ സാധനങ്ങളുമുണ്ട്. ബാഗുകൾ ഉൾപ്പെടെ കുടിൽവ്യവസായമായി ഉപജീവനം തേടുന്നവർക്കും ജീവിതമാർഗം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. വിറ്റുപോകാത്ത സാധനങ്ങൾ ഏറെയും കമ്പനികൾ തിരിച്ചെടുക്കാതെ വരുന്നതോടെ ഏജൻസികൾക്കും വ്യാപാരികൾക്കും വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുക.
സ്കൂളുകളും വസ്ത്രാലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന യൂണിഫോം വിതരണവും കഴിഞ്ഞ വർഷം മുടങ്ങി. നിരവധി സ്കൂളുകൾക്ക് വലിയ നഷ്ടമാണ് ഇത്തരത്തിലുണ്ടായത്.