കോട്ടയം: കഴിഞ്ഞവർഷം കൊവിഡ് പ്രതിസന്ധിയെ തുടർന്നു വിഷുക്കാലത്ത് അടച്ചിട്ടിരുന്ന ക്ഷേത്രങ്ങൾ ഇക്കുറി, വിഷുക്കണിക്കും ആഘോഷങ്ങൾക്കുമായി ഒരുങ്ങി. വിഷുദിനത്തിൽ ഉത്സവ കൊടിയേറ്റു നടക്കുന്ന ക്ഷേത്രങ്ങളും ജില്ലയിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്.
ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം. വിഷുക്കണി ദർശനത്തോടെയാണ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുക. രാവിലെ ഒൻപതിനും 10.15 നും മദ്ധ്യേയാണ് ക്ഷേത്രത്തിൽ കൊടിയേറ്റ് . ഇന്ന് പുലർച്ചെ രണ്ടിനു ക്ഷേത്രത്തിൽ നടതുറക്കും. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തിമാരായ മുളവേലിപ്പുറത്തുമന ഹരി നമ്പൂതിരി, കല്ലമ്പള്ളി ഇല്ലം വേണു ജി.നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിക്കും. നാളെ വൈകിട്ട് ഒൻപതു മുതൽ പത്തു വരെയാണ് വിഷു വിളക്ക്.
ആറാം ഉത്സവ ദിവസമായ 19ന് മാതൃക്കയിൽ ദർശനവും, ദർശനപ്രാധാന്യമുള്ള അഞ്ചാംപുറപ്പാടും നടക്കും. രാവിലെ ഒൻപതിനാണ് മാതൃക്കയിൽ ദർശനം. വൈകിട്ട് ഒൻപതിനാണ് അഞ്ചാം പുറപ്പാട് നടക്കുക. ഏഴാം ഉത്സവ ദിവമായ 20ന് വടക്കോട്ടുപുറപ്പാടും, 21ന് കിഴക്കോട്ട് പുറപ്പാടും, പള്ളിവേട്ട ദിവസമായ 22ന് തെക്കോട്ടുപുറപ്പാടും നടക്കും.
മുട്ടമ്പലം കൊപ്രത്ത് ദുർഗാഭഗവതി ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഇന്നു പുലർച്ചെ 5ന് നടക്കും. ഏഴിനു ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നവകം, കലശം, ശ്രീഭൂതബലി, ഒൻപതിന് പഴുക്കാമണ്ഡപ സമർപ്പണം. തുടർന്ന് ഉത്സവത്തിന്റെ ഫണ്ട് ശേഖരണം നടക്കും.
കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം ഇന്ന് ആരംഭിക്കും. 23ന് സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി തീയാട്ട് ഇന്നലെ ആരംഭിച്ചു.
നാട്ടകം പൊൻകുന്നത്തുകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. പുലർച്ചെ 4.30ന് ഭഗവതിയെ കണികാണിക്കലും, ഭഗവതിയ്ക്ക് വിഷുകൈനീട്ടം സമപ്പിക്കലും നടക്കും. 5.30ന് ഗണപതിഹോമം, വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി എട്ടിന് അത്താഴപൂജ.
രണ്ടാം ഉത്സവദിനമായ നാളെ പുലർച്ചെ നാലിനു പള്ളിയുണർത്തൽ, എട്ടരയ്ക്ക് നവകം, പഞ്ചഗവ്യം അഭിഷേകം, രാത്രി എട്ടരയ്ക്ക് ഉച്ചപൂജ, ഉച്ചശീവേലി എന്നിവ നടക്കും. രാവിലെ എട്ടിന് മറിയപ്പള്ളി ശ്രീമഹാദേവ ശ്രീമഹാവിഷ്ണുക്ഷേത്രത്തിലേയ്ക്കും പാക്കിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലേയ്ക്കും എഴുന്നള്ളിപ്പ്.
18ന് രാവിലെ 11ന് ഉത്സവബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലി ദർശനം. 22ന് പള്ളിവേട്ട ദിവസത്തിൽ രാവിലെ 11ന് ഉത്സവബലി ദർശനം. രാത്രി പത്തിന് പള്ളിവേട്ട എതിരേൽപ്പ്, വിളക്കിനെഴുന്നള്ളത്ത്. ആറാട്ട് ദിനമായ 23ന് വൈകിട്ട് 3.30ന് കൊടിമരച്ചുവട്ടിൽ പറവയ്പ്പ്. 4.30ന് ആറാട്ടുകടവിലേയ്ക്ക് എഴുന്നള്ളിപ്പ്. ഏഴിന് ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി പത്തരയ്ക്ക് ആറാട്ട് വരവേൽപ്പ്, രാത്രി 11.30ന് കൊടിയിറക്ക്.