bjp

കോട്ടയം : ജില്ലയിൽ ബി.ജെ.പിയിൽ പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പരിഗണന നൽകാതെ വെട്ടി നിരത്തുന്നുവെന്ന് പരാതി. ജനസംഖ്യയിൽ ജില്ലയിൽ പിന്നാക്ക വിഭാഗമാണ് മുന്നിൽ. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പത് സീറ്റിൽ ബി.ജെ.പി മത്സരിച്ച ഏഴ് സീറ്റിൽ ആറിലും മുന്നാക്ക, ന്യൂനപക്ഷ വിഭാഗക്കാരായിരുന്നു സ്ഥാനാർത്ഥികൾ. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് സീറ്റ് നൽകിയ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഒഴിച്ച് അഞ്ച് സ്ഥാനാർത്ഥികളും നായർ വിഭാഗക്കാർ. കോട്ടയത്ത് ഈഴവ സമുദായാംഗമായ മിനർവ മോഹൻ മത്സരിച്ചെങ്കിലും ദേശീയനേതൃത്വം താത്പര്യമെടുത്തായിരുന്നു അവർക്ക് സീറ്റ് നൽകിയത്.

മറ്റ് പാർട്ടികളിൽ നിന്ന് പിന്നാക്കക്കാരായ നിരവധി പ്രവർത്തകർ ബി.ജെ.പിയിൽ എത്തിയിട്ടും അവർക്കാർക്കും പാർട്ടിയിൽ അർഹമായ പരിഗണന ലഭിച്ചില്ല. ജില്ലാ ഭാരവാഹിത്വത്തിൽ നിന്ന് ഏറെ നാളുകളായി പിന്നാക്കക്കാരെ മാറ്റി നിറുത്തിയിരിക്കുകയാണ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന് നൽകിയ പ്രാധാന്യം ഈ തിരഞ്ഞെടുപ്പിൽ നൽകിയില്ല. ഈഴവ ഭൂരിപക്ഷ മണ്ഡലമായ ഏറ്റുമാനൂരിൽ അന്ന് ദീർഘകാലം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറിയായിരുന്ന എ.ജി.തങ്കപ്പൻ ബി.ഡി.ജെ.എസ് സ്ഥാനാത്ഥിയായി മത്സരിച്ച് 27540 വോട്ട് പിടിച്ചിരുന്നു. ബി.ജെ.പിയിലെ ഭൂരിപക്ഷം വോട്ടുകളും അന്ന് സി.പി.എം സ്ഥാനാർത്ഥി സുരേഷ് കുറുപ്പിനാണ് ലഭിച്ചത്. അല്ലെങ്കിൽ അട്ടിമറി ജയം നേടിയേനെയെന്നാണ് ബി.ഡി.ജെ.എസ് വിലയിരുത്തൽ. ഈ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ഏറ്റുമാനൂർ സീറ്റിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും സീറ്റ് അവസാനം ബി.ജെ.പി ഏറ്റെടുക്കുകയായിരുന്നു. സ്വന്തം സ്ഥാനാർത്ഥി ഉണ്ടായിട്ടും ലതികാസുഭാഷിനും, പ്രിൻസ് ലൂക്കോസിനും വോട്ട് മറിച്ചുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

നേതാക്കളുടെ ഗ്രൂപ്പുകളി ശക്തം

സവർണ, ന്യൂനപക്ഷ ലോബിയിൽപ്പെട്ട നേതാക്കളുടെ ഗ്രൂപ്പുകളി കോട്ടയത്ത് ബി.ജെ.പിയുടെ വളർച്ചയെ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. താഴെത്തട്ടിൽ സംഘടനാ പ്രവർത്തനം ശക്തമല്ലാത്തതിനാൽ പാർട്ടി നിർജ്ജീവാവസ്ഥയിലാണ്. കാഴ്ചക്കാരെപോലെ നിൽക്കുന്ന പഴയ കാല ആർ.എസ്.എസ് നേതാക്കളും, സാധാരണ പ്രവർത്തകരും മനസ് മടുത്ത നിലയിലാണ്. വോട്ട് വിഹിതത്തിൽ കാര്യമായ കുറവ് വന്നാൽ അത് പൊട്ടിത്തെറിയ്ക്ക് വഴിവയ്ക്കാം.

കോട്ടയത്തും പൂഞ്ഞാറിലും പാലം വലിച്ചു

കോട്ടയം, പൂഞ്ഞാർ മണ്ഡലങ്ങളിൽ പിന്നാക്കക്കാരായ സ്ഥാനാർത്ഥികൾക്കായി പ്രചാരണം ശക്തമാക്കുന്നതിന് മുൻകൈയെടുക്കാതെ സവർണ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ വിട്ടുനിന്നുവെന്നും വോട്ട് മറിച്ചുവെന്ന പരാതിയും ജില്ലാ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുണ്ട്.