ചങ്ങനാശേരിയിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞു

ചങ്ങനാശേരി: കല്ലിശേരി കറ്റോട് പദ്ധതിയിൽ ചങ്ങനാശേരി നഗരത്തിലേക്കുള്ള വെള്ളത്തിന്റെ അളവ് വീണ്ടും കുറഞ്ഞതായി പരാതി. തിരുവല്ല മേഖലയിൽ കൂടെക്കൂടെ ഉണ്ടാകുന്ന വൈദ്യുതി തടസമാണ് കല്ലിശേരി, കറ്റോട് പദ്ധതികളിലെ പമ്പിംഗിനെ പ്രതികൂലമായി ബാധിക്കുന്നത്. ഇതുമൂലം കടത്തിവിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ ചങ്ങനാശേരി മേഖലയിലെ ഉപഭോക്താക്കൾ കടുത്ത ദുരിതത്തിലായി.

സാധാരണഗതിയിലുള്ള വൈദ്യുതിതടസം കൂടാതെ കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കാറ്റിലും പത്തുമണിക്കൂർ വരെ വൈദ്യുതി തടസം നേരിട്ടത് പമ്പിംഗിനെ കാര്യമായി ബാധിച്ചതായിവാട്ടർ അതോറിറ്റി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കല്ലിശേരി, കറ്റോട് പദ്ധതികളിൽ 24 മണിക്കൂറും പമ്പിംഗ് നടന്നാൽ മാത്രമെ ചങ്ങനാശേരിയിൽ അറുപതു ലക്ഷത്തോളം ലിറ്റർ ശുദ്ധജലം എത്തുകയുള്ളൂ. വൈദ്യുതി പ്രതിസന്ധിമൂലം പമ്പിംഗിൽ തടസം നേരിട്ടതോടെ ഇരുപദ്ധതികളിലും കഴിഞ്ഞ ദിവസങ്ങളിൽ പത്തുമുതൽ 15 മണിക്കൂർ വരെ മാത്രമെ പമ്പിംഗ് നടത്താൻ കഴിഞ്ഞുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

പഞ്ചായത്തുകളിലും ദുരിതം

നഗരസഭയിൽ ശുദ്ധജലം എത്തിക്കുന്ന കല്ലിശേരി പദ്ധതിയുടെ പൈപ്പ് ചങ്ങനാശേരി റെയിൽപാതയ്ക്ക് സമീപം പൊട്ടിയതുമൂലം കറ്റോട് പദ്ധതിയിൽ നിന്നുള്ള ശുദ്ധജലമാണ് ചങ്ങനാശേരി നഗരസഭയിലും പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളിലും വിതരണം ചെയ്യുന്നത്. വൈദ്യുതി പ്രതിസന്ധിമൂലം പമ്പിംഗിൽ തടസപ്പെട്ടതോടെ ചങ്ങനാശേരിയിലും വിവിധ പഞ്ചായത്തുകളിലും എത്തുന്ന വെള്ളത്തിന്റെ അളവിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്.