കോട്ടയം: താത്‌കാലിക രജിസ്ട്രേഷൻ നമ്പരിൽ മാസങ്ങളോളം കറങ്ങിയടിക്കുന്ന പുത്തൻവാഹനങ്ങൾക്ക് മോട്ടോർവാഹന വകുപ്പിന്റെ റെഡ് സിഗ്നൽ. ഇതിനായി വാഹനം പുറത്തിറക്കുമ്പോൾ തന്നെ നമ്പർ പ്ളേറ്റുറപ്പാക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ ആർ.ടി.ഒമാർക്കും ലഭിച്ചു.
നേരത്തെ സ്വകാര്യ - ടാക്‌സി വാഹനങ്ങൾ വാങ്ങുമ്പോൾ ഷോറൂമിൽ നിന്ന് താത്കാലിക നമ്പരുകൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടമയാണ് രജിസ്ട്രേഷൻ നമ്പരിന് അപേക്ഷിച്ചിരുന്നത്. തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി നമ്പർ അനുവദിക്കും. പുതിയ ചട്ടപ്രകാരം ഷോറൂം ഉടമകളാണ് പുതിയ രജിസ്ട്രേഷൻ നമ്പരിന് അപേക്ഷിക്കേണ്ടത്. മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ വാഹനത്തിന്റെ മോഡലും നിറവും എൻജിൻ- ചേസിസ് നമ്പരുകളുമടക്കമുള്ള രേഖകൾ കമ്പനികൾ നൽകും. ഇതിനോട് ഉടമയുടെ പേരും വിലാസവുമടക്കമുള്ള വിവരങ്ങൾ ഷോറൂം അധികൃതർ കൂട്ടിച്ചേർക്കണം. സൈറ്റിൽ വാഹനത്തിന്റെ ഡീലർ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ എല്ലാ ദിവസവും വൈകിട്ട് നാലിന് മുമ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പർ നൽകണം.
ടി.പി ഫാൻസി നമ്പരിന് മാത്രം
ഇഷ്ടനമ്പരിന് അപേക്ഷിക്കുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാനായി വാങ്ങുന്ന വാഹനങ്ങൾക്കും മാത്രമാണ് താത്കാലിക രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ വാഹനം റോഡിലിറക്കാൻ അനുവാദമില്ല. ഇതിനുള്ള താത്പര്യപത്രം രജിസ്ട്രേഷൻ രേഖയോടൊപ്പം സമർപ്പിക്കണം.
പത്തുവർഷത്തെ നികുതി പിഴ
താത്കാലിക രജിസ്ട്രേഷൻ നമ്പരുമായി വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ ഡീലർക്കാണ് പിഴ. പിഴയായി പത്തു വർഷത്തെ വാഹനത്തിന്റെ നികുതി അടയ്ക്കണം.