ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മുണ്ടക്കയം പട്ടണം
മുണ്ടക്കയം: നിരങ്ങിനീങ്ങുന്ന വാഹനങ്ങൾ... കാൽനടയാത്ര പോലും ബുദ്ധിമുട്ടിൽ. ഇന്നലെ മുണ്ടക്കയം പട്ടണത്തിലെ അവസ്ഥ ഇതായിരുന്നു.
ടൗണിൽ വലിയ ഗതാഗതക്കുരുക്കാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. കൊവിഡിന്റെ നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനം ഒന്നാതെ നഗരത്തിലേക്ക് എത്തുന്ന അവസ്ഥ. വാഹനങ്ങളുമായി നഗരത്തിൽ എത്തുന്ന യാത്രക്കാരിൽ ഭൂരിഭാഗവും റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ സീബ്രാ ലൈനിൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസ്ഥയുമുണ്ട്. അതേസമയം കോടികൾ മുടക്കി ബൈപ്പാസ് നിർമ്മിച്ചെങ്കിലും ഇതിന്റെ പ്രയോജനം യാത്രക്കാർക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ബൈപ്പാസിന്റെ തുടക്കത്തിലും, അവസാനിക്കുന്നിടത്തും ദിശ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അംബുലൻസും കുരുങ്ങി
അനധികൃത വാഹന പാർക്കിംഗ് മൂലം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ഗതാഗതകുരുക്കിൽ പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അനധികൃത വാഹന പാർക്കിംഗിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.