bus

കോട്ടയം: കൊവിഡ് രണ്ടാംവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകളിൽ യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന മോട്ടോർവാഹന വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ കുത്തിനിറച്ച് ആളുകളെ കയറ്റിക്കൊണ്ട് പോകുമ്പോൾ സ്വകാര്യബസുകളിൽ വ്യാപക പരിശോധന നടത്തുന്നത് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.

സംസ്ഥാന സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് മോട്ടോർവാഹന വകുപ്പും പിടിമുറുക്കിയത്. ഇതിന്റെ ഭാഗമായി ഇന്നലെ നാഗമ്പടം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയിരുന്നു. നിർദ്ദേശംലംഘിക്കുന്ന ബസുകൾക്കെതിരെ അടുത്തദിവസം മുതൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി .ജയപ്രകാശ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രജീഷ് വിഷ്ണു, വിജയ് ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

ഡി.ടി.ഒമാർക്ക് നിർദ്ദേശം നൽകിയെന്ന്

കെ.എസ്.ആർ.ടി.സി ബസുകളിൽ പരിശോധനയില്ലെങ്കിലും വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. സംസ്ഥാനതലത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഡി.ടി.ഒമാർക്കാണ് നിർദേശം നൽകിയതെന്നാണ് പറയുന്നത്. എന്നാൽ തിരക്കുള്ള റൂട്ടുകളിൽ ഇതൊന്നും പാലിക്കുന്നുണ്ടോയെന്ന് നോക്കാൻ ആരുമില്ല.