കട്ടപ്പന: ചിന്നമ്മ കൊലപാതക കേസിൽ തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിക്കുന്നു. പൊലീസ് സംശയിക്കുന്നവർക്കെതിരെ ശക്തമായ തെളിവുകളൊന്നും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കളുടെയും വീടുമായി അടുപ്പമുള്ളവരുടെയും മൊഴികളിൽ നിന്ന് ചില സൂചനകൾ മാത്രമാണ് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെയും പത്തോളം പേരുടെ മൊഴി രേഖപ്പെടുത്തി. ഇതോടെ കേസിൽ 50ൽപ്പരം പേരുടെ മൊഴികൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ 8ന് പുലർച്ചെയാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ(65) യെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. ചിന്നമ്മയുടെ നാല് പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ഭർത്താവ് ജോർജ് മൊഴി നൽകിയിരുന്നു. എന്നാൽ മോഷണം നടന്നതായുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കട്ടപ്പന ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ, എസ്.എച്ച്.ഒ വി. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.