വൈക്കം:ഐതിഹ്യപ്പെരുമയുമായി ആചാരാനനുഷ്ഠാനങ്ങളുടെ നിറവിൽ മൂത്തേടത്തുകാവ് ഭഗവതീക്ഷേത്രത്തിലെ നടയടപ്പ് ഇന്ന്. ചിലപ്പതികാരത്തിലെ കണ്ണകിയുടേയും കോവലന്റെയും കഥകൾ നിറഞ്ഞു നിൽക്കുന്ന ഇവിടെ നിന്നും വിഷുദിനത്തിൽ ദേവി തന്റെ ഭർത്താവിനെ കാണാൻ മധുരയ്ക്ക് പോകുന്നു എന്നതാണ് സങ്കൽപ്പം.വിഷുപ്പുലരിയിൽ സർവ്വാഭരണവിഭൂഷിതയായി ദേവീഭക്തർക്ക് ദർശനം നൽകുന്നത് മുതൽ തുടങ്ങുന്നു ചടങ്ങുകൾ.
വടക്കേ വലിയമ്പലത്തിൽ ഉച്ചപൂജയ്ക്ക് മുൻപായി വേതാളകണ്ഠസ്ഥിതയായി വലതുകൈയിൽ 'താരുകം' വാളും ഇടതുകയ്യിൽ ചഷകവുമേന്തിയ ദേവിയുടെ രൂപം വർണ്ണപ്പൊടികൾ കൊണ്ടെഴുതും. ഇതേസമയം തെക്കേ വലിയമ്പലത്തിൽ തോറ്റംപാട്ടും കൊടിമരത്തിന് വടക്ക്മാറി വിൽപാട്ടും നടക്കും.
ദീപാരാധനയ്ക്ക് ശേഷം മൂത്തേടത്തുതറവാട്ടിലെ കാരണവർ ശ്രീകോവിലിൽ നിന്നും നാളികേരമുറിയിൽ കത്തിച്ച നെയ്തിരിയുമായി കൊടിമരത്തിന് പടിഞ്ഞാറുവശത്ത് കൂട്ടിയിരിക്കുന്ന എരിതേങ്ങയിലേയ്ക്ക് അഗ്‌നി പകരുന്നതോടെ കണ്ണകിയുടെ പ്രതികാരം ഇവിടെ അഗ്‌നിയായി ജ്വലിക്കും. ഭർത്താവിനെ കൊന്നതിന്റെ പ്രതികാരവുമായി കണ്ണകി മധുരാപുരി ചുട്ടെരിച്ചതിന്റെ പ്രതീകാത്മത ഓർമ്മപുതുക്കലാണ് ഈ ചടങ്ങ്.
അത്താഴപൂജ കഴിഞ്ഞാൽ തീയാട്ടുണ്ണി സന്ധ്യക്കൊട്ട് നടത്തും. തുടർന്നാരംഭിക്കുന്ന തെക്കുപുറത്ത് വലിയഗുരുതിയുടെ അവസാനം ദേവീചൈതന്യം ശരീരത്തിലാവാഹിച്ച വെളിച്ചപ്പാട് അരമണിയും ചിലമ്പും പള്ളിവാളും ധരിച്ച് ഉറഞ്ഞുതുള്ളി കൊടുംകാളീ നടയിലെത്തി നെറ്റിയിൽ ആഞ്ഞുവെട്ടും. വെളിച്ചപ്പാട് തിരികെ സോപാനത്തിലേയ്‌ക്കെത്തുന്നതോടെ തെക്കേനട കൊട്ടിയടയ്ക്കപ്പെടും. തുടർന്ന് അഗ്‌നികുണ്ഠമായി മാറുന്ന എരിതേങ്ങയിൽ പള്ളിവാൾ കൊണ്ട് കൊത്തി വെളിച്ചപ്പാട് ഭക്തർക്ക് അനുഗ്രഹം ചൊരിയും. വടക്കേ വലിയമ്പലത്തിൽ കളംപാട്ട് കഴിയുന്നതോടെ തീയാട്ട് ആരംഭിക്കും. ദേവീചൈതന്യം ദേഹത്തിലേറ്റിയ തീയാട്ടുണ്ണിയും വെളിച്ചപ്പാടും വടക്കേ നടയിലൂടെ പുറത്തേയ്ക്കിറങ്ങുന്നതോടെ കിഴക്ക്, പടിഞ്ഞറ് നടകളും അടയും. കൈകോർത്ത് പിടിച്ച് ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയിലൂടെ ചുറ്റിയോടുന്ന ഇരുവരും കൊടുംകാളി നടയെത്തുമ്പോൾ വഴിപിരിയും. വെളിച്ചപ്പാട് അവിടെ കലിയടങ്ങും. തീയാട്ടുണ്ണി ഊരാഴ്മക്കാർ നീട്ടുന്ന പാത്രത്തിൽ നിന്ന് മൂന്നുപിടി അരി വാരി അകത്തേയ്ക്ക് എറിയുന്നതോടെ പ്രസിദ്ധമായ അരിയേറ് ചടങ്ങ് നടക്കും. തുടർന്ന് ശ്രീകോവിൽ നടയും അടയ്ക്കപ്പെടും. ഭഗവതിയുടെ സാന്നിദ്ധ്യമില്ലാതാവുന്ന ക്ഷേത്രത്തിൽ മൂന്നുമാസത്തേയ്ക്ക് നടതുറക്കുകയോ വിളക്കുതെളിയിക്കുകയോ പൂജകൾ നടത്തുകയോ ചെയ്യില്ല. ഈ കാലയളവിൽ ക്ഷേത്രമതിൽക്കകത്ത് പോലും ആരും പ്രവേശിക്കാറില്ല. അടുത്ത കർക്കിടകം ഒന്നിന് ദേവി മധുരയിൽ നിന്ന് തിരിച്ചത്തും എന്നാണ് വിശ്വാസം.