konnappoo

പൊൻകുന്നം : പ്രായം കൊണ്ടും വലിപ്പം കൊണ്ടും പ്രകൃതി സ്‌നേഹികളുടെയും സസ്യശാസ്ത്രജ്ഞരുടെയും പ്രീതി നേടിയ കണിക്കൊന്നമുത്തശ്ശി. ഇത്തവണ ചില്ലകൾ നിറയെ സ്വർണ്ണവർണ്ണത്തിലുള്ള പൂക്കൾ, ചുവട്ടിൽ പൂക്കൾ കൊഴിച്ചിട്ട് പരവതാനി വിരിച്ചപോലെ. കൂരാലി പുതുപ്പള്ളാട്ട് മോഹൻകുമാറിന്റെ വീട്ടിലെ കണിക്കൊന്നമുത്തശ്ശിയുടെ അപൂർവ്വ കണിക്കാഴ്ചയ്ക്ക് മുൻവർഷങ്ങളിൽ വിഷുവിന് മുന്നേ പൂവിട്ട്, വിഷുക്കാലത്ത് പൂവില്ലാത്ത നിലയിലായിരുന്നു ഈ മരം. പക്ഷേ, ഇത്തവണ കാലം തെറ്റി പൂക്കാതെ വിഷുവിന് കണിയാകാൻ തീരുമാനിച്ചുറപ്പിച്ചതുപോലെ ഏപ്രിൽ ആദ്യവാരം പൂവിട്ടുതുടങ്ങി. ആദ്യഘട്ടത്തിൽ വിരിഞ്ഞ പൂക്കൾ ചുവട്ടിൽ കൊഴിച്ചിട്ടെങ്കിലും പിന്നെയും പൂങ്കുലകൾ വിരിഞ്ഞു.
വീട്ടുമുറ്റത്തോട് ചേർന്ന് തലമുറകൾക്ക് കാഴ്ചയൊരുക്കിയ കണിക്കൊന്ന മുത്തശ്ശിയെ തറകെട്ടി സംരക്ഷിച്ചിരിക്കുകയാണ്. പ്രദേശത്തെ ഏറ്റവും വലിയ കൊന്നമരമാണിത്. 75 അടിയോളം ഉയരമുള്ള വൃക്ഷത്തിന് 78 ഇഞ്ച് വണ്ണമുണ്ട്. വലുപ്പം കൊണ്ടം പ്രായം കൊണ്ടും വേറിട്ട ഈ മരത്തിനെ പ്രകൃതിസ്‌നേഹികൾ മുൻപ് ആദരിച്ചിരുന്നു. അപൂർവ കണിക്കൊന്നമരത്തിനെ കുറിച്ചറിഞ്ഞ് സസ്യശാസ്ത്രജ്ഞരും സന്ദർശിച്ചിരുന്നു. അവരാണ് ഇരുനൂറുവർഷമെങ്കിലും പ്രായം മരത്തിന് കണക്കാക്കിയത്. ഇത്തവണ മാർച്ചിൽ ചൂടുകൂടിയതാവാം കൃത്യസമയത്ത് കൊന്ന പൂത്ത് വിഷുവിനും പൂവുള്ള നിലയിലായതെന്നാണ് പരിസ്ഥിതി പ്രവർത്തകർ കരുതുന്നത്.