രണ്ട്പേർ പിടിയിലായി

അടിമാലി:അടിമാലി കാംകോ ജംഗ്ഷനിലെ ഡി.ജെ പാർട്ടിക്കെതിരെ പരാതി നൽകിയയുവാവിന് ക്രൂര മർദ്ദനം.രണ്ട് പേർ പൊലീസ് പിടിയിൽ. അടിമാലി കുന്നപ്പിളളിൽ ഏലിയാസ് (42) ആണ് സംഘടിത ആക്രമണത്തിൽ പരിക്കേറ്റത്.കോൺഗ്രസ് (ഐ )അടിമാലി ബ്ലോക്ക് ജനറൽ സെക്രട്ടറികൂടിയാണ് ഏലിയാസ്.ഡി.ജെ.പാർട്ടി നടത്തിപ്പുകാരനായ പുന്നത്താനത്ത് തോമസ്സ്(അപ്പച്ചൻ-50), മകൻ ചാൾസ് (28) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. സാരമായ പരിക്കറ്റ എലിയാസ്സിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 9.30 നാണ് സംഭവം. അനുവദനീയമായതിനേക്കാൾ ഉച്ചത്തിലുള്ള ശബ്ദ ഉപകരണ സംവിധാനങ്ങൾ നിയന്ത്രിക്കാനാവശ്യപ്പെട്ട് പരാതി നൽകിയതാണ് ഉടമയെ പ്രകോപിച്ചത്..ഇതിനിടെ പരാതികാരുടെ വിവരം പൊലീസ് ചോർത്തി നൽകി.ഇതോടെ നടത്തിപ്പുകാർ ഏലിയാസിനെ വിളിച്ച് വരുത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.അടിമാലി അമ്പലപടിക്ക് സമീപം പ്രവർത്തിക്കുന്ന പുന്നത്താനത്ത് അഗ്രികൾച്ചറൽ നഴ്‌സറി യോട് അനുബന്ധിച്ച് ഡി.ജെ. ഹാളിനെതിരെ പരീക്ഷാ നാളുകളിൽ ഉച്ചത്തിലുള്ള ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് പ്രദേശവാസികൾക്കൊപ്പം ചേർന്ന് ഏലിയാസ് പരാതി നൽകിയത്. വിനോദ സഞ്ചാരത്തിനെത്തുന്ന വിദ്യാർത്ഥി ഗ്രൂപ്പുകൾക്കാണ് ഇവിടെ മ്യൂസിക്കൽ ഡാൻസിന് സൗകര്യമൊരുക്കിയിട്ടുള്ളത്. വലിയ സൗണ്ട് സിസ്റ്റം ഉപയോഗിച്ചുള്ള ഡി.ജെ.പാർട്ടികൾ പലപ്പോഴും സമീപ വാസികൾക്ക് അലോസരമുണ്ടാക്കാറുണ്ട്. ആക്രമണത്തിൽ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.സംഭവം നടന്ന ഉടനെ അടിമാലി പൊലീസിൽ വിവരമറിയെച്ചെങ്കിലും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശിശ്രൂഷയ്ക്ക് പ്രവേശിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പൊലിസ് എത്തിയത്.തുടർന്ന് രാത്രിയിൽ തന്നെ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി.