അടിമാലി: പൊൻമുടി അണക്കെട്ടിന്റെ സമീപത്തുള്ള കൈയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുനീക്കി .നാടുകാണി മലയിലെ വൈദ്യുതി ബോർഡ് വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന കുരിശാണ് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഇന്നലെ പൊളിച്ചുമാറ്റിയത്.കഴിഞ്ഞവർഷം പന്നിയാർകുട്ടി സെന്റ് ജോർജ് പള്ളിക്കാർ ഇവിടെ ലക്ഷങ്ങൾ മുടക്കിയ നിർമ്മിതി നാട്ടുകാരുടെ പരാതിയെത്തുടർന്നു് കളക്ടറുടെ നിർദ്ദേശ പ്രകാരം പൊളിച്ചുമാറ്റിയിരുന്നു. ഇത്തവണ കുരിശുമല കയറ്റത്തിനോടനുബന്ധി ച്ച് വീണ്ടും പന്നിയാർകുട്ടി പള്ളിയുമായി ബന്ധപ്പെട്ടവരാണ് കുരിശ് സ്ഥാപിച്ചത്.കുരിശ് സ്ഥാപിച്ച വിവരമറിഞ്ഞ കൊന്നത്തടി വില്ലേജാഫീസർ എം.ബി.ഗോപാലകൃഷ്ണണൻ നായർ കളക്ടറെ വിവരം ധരിപ്പിച്ചതിനെത്തുടർന്നാണ് കുരിശ് പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്.വെള്ളത്തൂവൽ സി.ഐ.പള്ളി അധികൃതർക്ക് ഇന്നലെ വൈകിട്ട് 5ന് മുമ്പ് പൊളിച്ചുനീക്കണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു. ഇടുക്കി തഹസീൽദാർ സുനിൽ മാത്യു, വെള്ളത്തൂവൽ സി.ഐ. ആർ. കുമാർ, വില്ലേജാഫീസർ എം.ബി.ഗോപാലകൃഷ്ണൻ നായർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.