thodu

കോട്ടയം​:​ ​കേവുവള്ളങ്ങളും ബോട്ടുകളും പോയിരുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ തോടുകൾ വീതികുറഞ്ഞ് കൈതോടായി മാറി. ഇതോടെ വർഷ കാലത്ത് കിഴക്കൻവെള്ളം എത്തുമ്പോൾ വേമ്പനാട് കായലിലേക്കുള്ള മാർഗം തടസപ്പെട്ടതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് കുമരകം പ്രദേശം.
വർഷങ്ങൾക്കുമുമ്പ് ഗതാഗതത്തിന് പ്രധാനമായും ആളുകൾ ആശ്രയിച്ചിരുന്നത് ആറുകളെയും തോടുകളെയുമായിരുന്നു. വീട്ടുസാധനങ്ങളും വീട് നിർമ്മിക്കാനുള്ള കരിങ്കൽ ഉൾപ്പെടെയുള്ള സാധനങ്ങളും എത്തിച്ചിരുന്നതും വളളങ്ങളിലായിരുന്നു. എന്നാൽ കാലം മാറി. കുമരകത്ത് റോഡുകളായി. ഇതോടെ ചെറുവഴികൾ വീതികൂട്ടി നിർമ്മിക്കപ്പെട്ടു. ആറുകളും തോടുകളും കൈയേറിയാണ് റോഡുകൾ നിർമ്മിച്ചത്. കൂടാതെ വീടുകളിലേക്ക് വഴികൾ നിർമ്മിച്ചതോടെ ചെറുകലുങ്കുകളും രൂപം കൊണ്ടു. ഇതോടെ തോടുകളിലൂടെ വെള്ളം അനായാസമായി കായലിൽ എത്താൻ കഴിയാത്ത അവസ്ഥയായി.

ഇതോടെ ആറുകളുടെ വീതി കുറഞ്ഞ് തോടായി മാറി. തോടാവട്ടെ വീതി കുറഞ്ഞ് കൈത്തോടായി. ഇവയിൽ നാട്ടുകാർ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയതോടെ കുമരകത്തെ മിക്ക തോടുകളും കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു. ഗ്രാമവികസനത്തിനായി ഗ്രാമീണ റോഡുകൾ നിർ‌മ്മിക്കാൻ പഞ്ചായത്തുകൾ പദ്ധതികളും ബജറ്റിൽ ഫണ്ടും അനുവദിച്ചപ്പോൾ ഗ്രാമാന്തരങ്ങളിലൂടെ സ്വച്ഛമായി ഒഴുകിയ കൈത്തോടുകളെ പരിഗണിച്ചില്ല. കോട്ടയത്ത് നിന്ന് എത്തുന്നവർക്ക് കുമരകത്തെ പ്രവേശനകവാടമായ രണ്ടാം കലുങ്ക് മുതൽ പടിഞ്ഞാറോട്ട് വേമ്പനാട്ടുകായൽ വരെയുള്ള ഭാഗങ്ങൾ പരിശോധിച്ചാൽ നിർജ്ജീവമായി ദു‌‌ർഗന്ധം വമിച്ച് രോഗാണു ഉത്പാദനകേന്ദ്രങ്ങളായി മാറിയ തോടുകൾ കാണാം.