കോട്ടയം: കോട്ടയത്ത് മിക്ക നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് മറിച്ചുവെന്നാണ് ആരോപണം. ആദ്യം സി.പി.എം നേതാക്കൾ ഈ ആരോപണം ഉന്നയിച്ചു. പിന്നീട് ജോസ് കെ. മാണിയും ആവർത്തിച്ചു. യഥാർത്ഥത്തിൽ ബി.ജെ.പി വോട്ടുകൾ മറിഞ്ഞോ. ? അതോ ചില നേതാക്കൾ മറിച്ചോ? ഈ ആരോപണങ്ങളോട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പ്രതികരിക്കുന്നു .
? പാലായിൽ 7500 വരെ വോട്ടുകൾ മാണി സി. കാപ്പന് മറിച്ചു കൊടുത്തുവെന്നാണല്ലോ ഇടതു സ്ഥാനാർത്ഥി ജോസ് കെ. മാണിയുടെ ആരോപണം.
ജോസ് കെ. മാണിയുടെ ആരോപണം തോൽവി മുന്നിൽ കണ്ടാണ് . പാലായിൽ പരമാവധി വോട്ടുകൾ പിടിക്കുന്ന മികച്ച സ്ഥാനാർത്ഥിയായിരുന്നു ഞങ്ങളുടേത് . നല്ല പ്രചാരണവും നടത്തി. ഈ കണക്ക് എവിടെനിന്ന് കിട്ടിയെന്ന് അറിയില്ല .
? പല ബൂത്തുകളിലും ബി.ജെ.പിക്ക് ഏജന്റുമാരുണ്ടായിരുന്നില്ല, ഉച്ചകഴിഞ്ഞ് പലരും മുങ്ങി.
സി.പി.എം ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പ്രവർത്തകർ. അതു കൊണ്ടാണ് യു.ഡി.എഫിന് വോട്ടുമറിച്ചെന്ന ആരോപണം പണ്ട് മുതലേ ഉയരുന്നത്. ശക്തി തെളിയിക്കാനുള്ള ശ്രമം താഴെ തട്ടുവരെ നടത്തിയതു കൊണ്ടാണ് മിക്ക മണ്ഡലങ്ങളിലും ത്രികോണമത്സര പ്രതീതി ഉണ്ടാക്കാനായത്. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാവും.
? പിന്നാക്ക വിഭാഗങ്ങൾക്ക് സ്ഥാനാർത്ഥിത്വത്തിൽ അർഹമായ പരിഗണന നൽകിയില്ല
ല്ലോ?
അതു ശരിയല്ല. കാഞ്ഞിരപ്പള്ളിയിൽ ന്യൂനപക്ഷ വിഭാഗത്തിനും വൈക്കത്ത് എസ്.ടി വിഭാഗത്തിനും കോട്ടയത്തും പൂഞ്ഞാറിലും പിന്നാക്ക വിഭാഗത്തിനും സീറ്റു നൽകി. ഒമ്പതിൽ നാല് സീറ്റ് നൽകിയ മറ്റേത് മുന്നണിയുണ്ട്.
? തിരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയത് പലരും പ്രചാരണത്തിന് കാര്യമായി ചെലവഴിച്ചില്ല?
പ്രചാരണത്തിൽ ഏതെങ്കിലും സ്ഥാനാർത്ഥികൾ പിന്നിലായെന്നോ ആരെങ്കിലും ഫണ്ട് മുക്കിയതായോ പരാതി കിട്ടിയിട്ടില്ല. കിട്ടിയാൽ അന്വേഷിക്കും.