പിന്നിൽ സ്വകാര്യ ലോബിയെന്ന് ആക്ഷേപം
കോട്ടയം : കാൻസർ രോഗനിർണയം ഉൾപ്പെടെയുള്ള പരിശോധനകൾ കുറഞ്ഞ ചെലവിൽ നടത്താൻ കഴിയുന്ന ജില്ലാ പബ്ലിക്ക് ഹെൽത്ത് ലാബിന് ജില്ലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടും സാമ്പത്തികവും സാങ്കേതികത്വവും കുരുക്കാകുന്നു. ഒരു വർഷത്തോളമായി നിർമാണം മുടങ്ങിക്കിടക്കുന്നതിന് പിന്നിൽ സ്വകാര്യ ലാബുകളുടെ ഇടപെടലാണെന്നാണ് ആക്ഷേപം. 2018ൽ അംഗീകാരം ലഭിച്ച പദ്ധതിക്കായി ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ ഡി.എം.ഒ ഓഫീസിനോട് ചേർന്നുള്ള പുതിയ കെട്ടിടത്തിൽ ഡി.എം.ഒയുടെ ആവശ്യങ്ങൾക്കായുള്ള സ്ഥലം ലാബിനായി വിട്ടുനൽകുകയായിരുന്നു. നിർമ്മാണം ആരംഭിച്ചെങ്കിലും 60 ലക്ഷം രൂപയോളം പൊതുമരാമത്ത് വകുപ്പിന് കുടിശികയായി. കംപ്ളീഷൻ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ സാങ്കേതികമായി കെട്ടിടം ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ കൈയിലാണ്. ഹെമറ്റോളജി, ബയോകെമിസ്ട്രി, സെറോമോളജി, ബാക്ടീരിയോളജി എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് ആരംഭത്തിൽ പ്രവർത്തിക്കാനായിരുന്നു തീരുമാനം.
മറ്റ് ജില്ലകൾ മുൻപിൽ
തിരുവനന്തപുരത്തെ കേരള പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി കൂടാതെ എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റീജിയണൽ ലാബുകളും ആലപ്പുഴ അടക്കമുള്ള അതിർജില്ലകളിൽ ജില്ലാ പബ്ലിക് ലാബും പ്രവർത്തന സജ്ജമായിട്ട് വർഷങ്ങളായി. വിദഗ്ദ്ധ പരിശോധനകൾ കുറഞ്ഞ ചെലവിൽ നടത്തേണ്ടവർ എറണാകുളത്തോ തിരുവനന്തപുരത്തോ പോകേണ്ട സാഹചര്യത്തിനും കൂടിയാണ് പരിഹാരമുണ്ടാവുന്നത്.
സാധാരണക്കാരന് ആശ്വാസം
അതത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്കാണ് അവിടെയുള്ള ലാബിന്റെ പ്രയോജനം ലഭിക്കുക. എന്നാൽ ജില്ലാ ലാബ് വരുന്നതോടെ ഏത് പരിശോധനയും കുറഞ്ഞ ചെലവിൽ നടത്താം. ഇതിനായി പ്രത്യേകം ഡോക്ടറുടെ ചീട്ടും ആവശ്യമില്ല. സ്വകാര്യലാബുകളുടെ കഴുത്തറപ്പൻ കൂലിക്കും ഇതോടെ അവസാനമാകും.
നിരക്ക് കുറവ്
ബി.പി.എൽ വിഭാഗത്തിന് സൗജന്യം
എ.പി.എൽ വിഭാഗത്തിന് പകുതിയിലും താഴെ
വേണ്ടത്
ഉപകരണങ്ങൾ
ഡോക്ടർമാർ
ലാബ് അസിസ്റ്റന്റുമാർ
ടെക്‌നീഷ്യൻമാർ
സേവനങ്ങൾ
നവജാത ശിശുക്കൾക്ക് മെറ്റബോളിക് സ്‌ക്രീനിംഗിനുള്ള സൗകര്യം
എല്ലാ രക്ത, മൂത്ര പരിശോധനകൾ
കാൻസർ രോഗ നിർണയം
മൈക്രോ ബയോളജി ടെസ്റ്റ്
ലാബിനായി സ്ഥലം വിട്ടു നൽകിയിരുന്നു. അടിസ്ഥാന സൗകര്യം ഒരുക്കാൻ അറുപത് ലക്ഷത്തോളം രൂപ ഇനിയും വേണം. ഫണ്ടിനായി പ്രൊപ്പസൽ നൽകിയിട്ടുണ്ട്. ഉപകരണങ്ങൾ എത്തിക്കേണ്ടതും ജീവനക്കാരെ സജ്ജമാക്കേണ്ടതും ഡയറക്ടറേറ്റിൽ നിന്നാണ്
ഡോ.ജേക്കബ് വർഗീസ്, ഡി.എം.ഒ