കോട്ടയം: കൊവിഡിന്റെ രണ്ടാം വരവിൽ കോട്ടയം ഭീതിയിൽ. ഒരു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് ജില്ലയിൽ നാലിരട്ടിയിലേറെ ഉയർന്നു. നിയന്ത്രണങ്ങളിൽ വരുത്തിയ അയവും നിയമസഭാ തിരഞ്ഞെടുപ്പും ജനങ്ങളുടെ അലംഭാവവും ചേർന്ന് കടിഞ്ഞാൺ കൈവിട്ട ഗുരുതര സ്ഥിതി യിലേക്ക് കുതിക്കുകയാണിപ്പോൾ.
മാർച്ച് ഒന്നിന് 103 പേർക്കായിരുന്നു കോട്ടയത്ത് കൊവിഡ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 3.47 ശതമാനവും. ഏപ്രിൽ ഒന്നിന് ഇത് 199 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.48 ൽ എത്തി . നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന മാർച്ച് 12ന് 127 മാത്രമായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം . പ്രചാരണം അവസാന ഘട്ടത്തിലെത്തിയ മാർച്ച് 22ന് ശേഷമാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടങ്ങിയത്. 150നും 200നും ഇടയിലേക്ക് പോസിറ്റീവായവരുടെ എണ്ണം ഉയർന്നു. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് 354ൽ എത്തി. തുടർന്ന് 324, 376, 406, 417, 629, 666, 816 എന്നിങ്ങനെ ദിനം പ്രതി ഉയർന്നു. പരിശോധന കുറവായ ദിവസങ്ങളിൽ മാത്രമായിരുന്നു രോഗികളുടെ എണ്ണം കുറഞ്ഞത് . കേരളത്തിലെ മറ്റു ജില്ലകളുമായി തട്ടിച്ചു നോക്കിയാൽ പോസിറ്റിവിറ്റി നിരക്കിൽ നാലാം സ്ഥാനത്തു നിന്ന് മൂന്നിലേക്ക് കടക്കുകയാണ് കോട്ടയമിപ്പോൾ.
അടുത്ത രണ്ടാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് . സാമൂഹിക വ്യാപനം പോലെ രണ്ടാം തരംഗ ഭീഷണിയും ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോകും.
രണ്ടാംവരവ് തിരഞ്ഞെടുപ്പോടെ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിയന്ത്രണങ്ങൾ പാലിക്കാതിരുന്നതാണ് കൊവിഡ് രൂക്ഷമാകാൻ കാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയ നിയന്ത്രണം നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവിട്ടു. കൊട്ടിക്കലാശത്തിലും പ്രമുഖനേതാക്കൾ പങ്കെടുത്ത റോഡ് ഷോയിലും ആയിരക്കണക്കിന് ആൾക്കാരാണ് പങ്കെടുത്തത്.