അടിമാലി: മാങ്കുളം പഞ്ചായത്തിലെ ആദിവാസി മേഖലയായ പാറക്കുടിയിലേക്കുള്ള തകർന്ന പാലം പുനർ നിർമ്മിക്കാൻ ഇനിയും നടപടിയില്ല. പാറക്കുടിയിലെ ആദിവാസി കുടുംബങ്ങൾ തോമാച്ചൻകട ഭാഗത്തേക്ക് വരുന്ന നടപ്പു വഴിയുടെ ഭാഗമായിട്ടായിരുന്നു കരിന്തിരി പുഴയ്ക്ക് കുറുകെ പാലമുണ്ടായിരുന്നത്. 2018ലെ പ്രളയത്തിൽ പാലം ഭാഗികമായും തൊട്ടടുത്ത മഴക്കാലത്ത് പുഴയിൽ വെള്ളമുയർന്നതോടെ പാലം പൂർണമായും ഒലിച്ചു പോയി. കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകെ ഈറ്റ കൊണ്ട് താത്കാലിക പാലം തീർത്തായിരുന്നു ഇക്കഴിഞ്ഞ മഴക്കാലത്ത് നാട്ടുകാർ യാത്ര ചെയ്തിരുന്നത്.വേനൽക്കാലത്ത് ബുദ്ധിമുട്ടില്ലാതെ യാത്ര സാധ്യമാകുമെങ്കിലും മഴക്കാലത്ത് കാട്ടാറിന് മുകളിലൂടെ താത്കാലികപാലത്തിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാണെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു. വരുന്ന മഴക്കാലത്തിന് മുമ്പ് പുതിയൊരു പാലം നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വേനൽക്കാലത്ത് ആളുകൾക്ക് പുഴയിലൂടെ ഇറങ്ങി അക്കരെ കടക്കാൻ കഴിയും. ഇരുപതിനടുത്ത ആദിവാസി കുടുംബങ്ങൾ പാറക്കുടിയിൽ താമസിക്കുന്നുണ്ട്. റേഷൻകടയിലേക്കെത്താൻ ഉൾപ്പെടെ കോളനിക്കാർ ആശ്രയിച്ച് പോരുന്ന പാതയിലായിരുന്നു ഒഴുകിപ്പോയ പാലം സ്ഥിതി ചെയ്തിരുന്നത്.