അടിമാലി: തുടർച്ചയായി ഏലക്കാ വിപണിയിൽ ഇടിവ് സംഭവിക്കുന്നത് ഹൈറേഞ്ചിലെ ഏലം കർഷകരെ പ്രതിസന്ധിയിലാക്കുന്നു..ഹൈറേഞ്ചിലെ നല്ലൊരു വിഭാഗം കർഷകരുടെയും പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്നാണ് ഏലം കൃഷി..നാളുകൾക്ക് മുമ്പ് ഏലക്കാക്ക് വിപണിയിൽ 5000ത്തിനടുത്ത് നിന്നിരുന്ന വില ക്രമേണ താഴ്ന്ന് ആയിരത്തി മുന്നൂറിനടുത്തെത്തി.പുതിയ സീസണിൽ കായെടുപ്പ് കൂടി ആരംഭിച്ചാൽ വിലയിൽ ഇനിയും ഇടിവുണ്ടാകുമോയെന്ന ആശങ്ക കർഷകർ പങ്ക വയ്ക്കുന്നുണ്ട്.വേനൽ ആരംഭിക്കുന്നതോടെ ഏലം വിലയിൽ വർദ്ധനവ് ഉണ്ടാവുക പതിവായിരുന്നെങ്കിൽ ഇത്തവണ അതുണ്ടായില്ലെന്ന് കർഷകർ പറയുന്നു.വില ഉയരുമെന്ന പ്രതീക്ഷയിൽ ഏലക്കാ സംഭരിച്ച് വച്ച കർഷകരും ധാരാളം ഉണ്ട്.നാളുകൾക്ക് മുമ്പ് ഏലക്കായ്ക്ക് മികച്ച വില ലഭിച്ചതോടെ ഹൈറേഞ്ചിൽ കർഷകർ കൂടുതലായി ഏലം കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.ഏലക്കായ്ക്കിനിയും വിലയിടിഞ്ഞാൽ വളവും കീടനാശിനിയും പണിക്കൂലിയുമുൾപ്പെടെയുള്ള പരിപാലന ചിലവ് ചെറുകിട കർഷകർക്ക് അധിക ബാധ്യതയായി മാറും.