vaccine

കോട്ടയം: കൊവിഡ് വാക്സിന് ക്ഷാമമില്ലെങ്കിലും ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്‌സിനേഷൻ ക്യാമ്പ് ജില്ലയിൽ തൽക്കാലം നടത്തേണ്ടെന്ന് നിർദേശം. സാധാരണ ക്യാമ്പുകൾ സുഗമമായി നടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തുടനീളമുള്ള വാക്സിൻ ക്ഷാമം കണക്കിലെടുത്താണ് മെഗാ ക്യാമ്പ് ഒഴിവാക്കുന്നത്. അതേസമയം ജില്ലയിൽ ഒരിടത്തും വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെട്ടില്ല.

പതിനായിരം ഡോസ് കോവാക്സിൻ ജില്ലയിലേയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചെങ്കിലും തുടർലഭ്യത സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാലാണ് മെഗാവാക്സിനേഷൻ റദ്ദു ചെയ്തത്. ജില്ലയിൽ മുൻപ് സംഘടിപ്പിച്ച മെഗാ ക്യാമ്പുകളിൽ പങ്കെടുത്തവരുടെ എണ്ണം കുറവായിരുന്നു. ജില്ലയിൽ ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടുള്ള വാക്സിനേഷൻ തടസമില്ലാതെ നടക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടൽ. മറ്റ് ജില്ലകളിൽ നിന്ന് ആവശ്യപ്പെട്ടെങ്കിലും ജില്ലയിൽ നിന്ന് വാക്സിൻ നൽകിയിട്ടില്ല. ശനി,​ ഞായർ ദിവസങ്ങളിൽ കൊവിഷീൽഡ് കൂടുതൽ ഡോസ് ജില്ലയിലെത്തുമെന്നാണ് അറിയുന്നത്.

' നിലവിൽ ക്ഷാമമില്ലെങ്കിലും കരുതലെന്ന നിലയിൽ മെഗാക്യാമ്പുകൾ ഒഴിവാക്കുകയാണ്. സാധാരണ ക്യാമ്പുകൾ സുഗമമായി നടക്കുന്നുണ്ട്. ഇവയ്ക്കാവശ്യമായ ശേഖരമുണ്ട്.'

- ഡോ.ജേക്കബ് വറുഗീസ്,​ ഡി.എം.ഒ