sonu
ചിത്രം.സോനു

അടിമാലി: വിഷു ദിനത്തിലെ വിൽപന ലക്ഷ്യമിട്ട് മാഹിയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 150 ലിറ്റർ മദ്യം അടിമാലി എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. മദ്യം കടത്തിക്കൊണ്ടു വരവെ വട്ടപ്പാറ പ്ലാപ്പിള്ളിയിൽ സോനു (28) എക്‌സൈസിന്റെ പിടിയിലായി. ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 300 കുപ്പികളിലായി കടത്തിക്കൊണ്ട് വന്ന 150 ലിറ്റർ മദ്യവും മദ്യം കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ആൾട്ടോ കാറും പിടികൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ തോതിൽ മദ്യം കേരളത്തിലേക്ക് കടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടനുബന്ധിച്ച് തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ഇയാൾ എക്‌സൈസിന്റെ വലയിൽ വീണത്. ഉടുമ്പൻചോല ചതുരംഗപ്പാറ സ്വദേശിയായ പ്രതി സോനു ഇപ്പോൾ അടിമാലി അമ്പഴചാലിൽ വാടകയ്ക്ക് താമസിച്ചു ഹോട്ടൽ നടത്തി വരികയായിരുന്നു. പാസഞ്ചർ ബസിന്റെ ഉടമസ്ഥനുമാണ് ഇയാൾ. മാഹിയിൽ നിന്ന് 145 രൂപയ്ക്ക് ലഭിക്കുന്ന മദ്യം 365 രൂപയ്ക്കാണ് ഇവർ ഇടുക്കിയിലെത്തിച്ച് വിൽപ്പന നടത്തുന്നത്. മദ്യ വിൽപ്പനയുടെ പിന്നിലുള്ള പ്രമുഖരും തുടർന്നുള്ള ദിവസങ്ങളിൽ കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. കേസിൽ ശക്തമായ അന്വേഷണം തുടരുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. രഘു അറിയിച്ചു. അടിമാലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.കെ. രഘു നേതൃത്വം നൽകിയ പരിശോധനയിൽ ഇടുക്കി ഇന്റലിജൻസിലെ പ്രിവന്റീവ് ആഫീസർമാരായ എസ്. ബാലസുബ്രഹ്മണ്യൻ, കെ.കെ. സുരേഷ് കുമാർ, അടിമാലി റേഞ്ചിലെ പ്രിവന്റീവ് ആഫീസർമാരായ വി.പി. സുരേഷ് കുമാർ, പി.എച്ച്. ഉമ്മർ, കെ.എൻ. അനിൽ, സിവിൽ എക്‌സൈസ് ആഫീസർമാരായ ബിജു മാത്യു, ലിബിൻ രാജ്, ശ്രീകുമാർ ശരത് എന്നിവർ പങ്കെടുത്തു.