കോട്ടയം: വിളകള്‍ക്ക് വിലയിടിവ് നേരിടുന്ന ഘട്ടത്തില്‍ വളങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധന കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഫാക്ടംഫോസും പൊട്ടാഷുമാണ് കർഷകർ കൂടുതലായി ഉപയോഗിക്കുന്ന വളങ്ങൾ. 900 രൂപ ഉണ്ടായിരുന്ന ഫാക്ടംഫോസിന് ഇപ്പോൾ 1180 രൂപയാണ് . 875 രൂപയായിരുന്ന പൊട്ടാഷിന് 950 രൂപയും. രാജ്‌ഫോസിനും വില വർദ്ധിച്ചു. എല്ലുപൊടിക്ക് 26 രൂപയിൽ നിന്ന് 35 രൂപയായും വേപ്പിൻ പിണ്ണാക്കിന് 28ൽ നിന്ന് 40 രൂപയുമായി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഡി.എ.പിയ്ക്ക് (ഡൈ അമോണിയം ഫോസ്‌ഫേറ്റ്) 25000 ത്തിൽ നിന്ന് 30000 രൂപയായി വർദ്ധിച്ചു. നേർവളങ്ങളുടെ ചുവടു പിടിച്ച് കൂട്ടുവളങ്ങൾക്കും വില വർദ്ധിക്കുകയാണ്.
സംസ്ഥാനത്തേക്ക് പ്രധാനമായും വളങ്ങള്‍ എത്തുന്നത് വടക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൊച്ചിയില്‍ നിന്നുമാണ്. മുൻപ് ട്രെയിനിലായിരുന്നു ഇവ എത്തിച്ചിരുന്നതെങ്കിൽ നിലവിൽ ലോറിയിലാണ് . പെട്രോൾ, ഡീസൽ വിലവർദ്ധിച്ചതും രാസവളത്തിന്റെ വില വർദ്ധനവിന് കാരണമായി. കൊവിഡ് കാലമായതിനാൽ ഉത്പാദനം വേണ്ടവിധം നടന്നിട്ടുമില്ല.
70 ശതമാനം വളങ്ങളും സഹകരണ ബാങ്കുകളുടെ ഡിപ്പോകളിലൂടെയാണ് വിൽക്കുന്നത്. കൃഷി ചെയ്യുന്ന സ്ഥലത്തിന് ആനുപാതികമായി ഇ പോസ് മെഷിൻ മുഖേനയാണ് വളം നൽകുന്നത്. ഇത് മൂലം ആവശ്യകതയ്ക്കനുസരിച്ച് വളം ലഭ്യമാകാത്ത അവസ്ഥയുണ്ടെന്നും കർഷകർ പറയുന്നു.
'വേനൽമഴ പെയ്തതിനാൽ റബർ, വാഴ, കപ്പ, തെങ്ങ്, പച്ചക്കറി തുടങ്ങിയവയ്ക്കെല്ലാം വളം ഇടാറായി. ഈ സമയത്തെ വില വർദ്ധന വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. വിളകൾക്ക് വിലയില്ലാതാവുകയും വളം അടക്കമുള്ളവയ്ക്ക് വില കൂടുകയും ചെയ്യുന്ന ദു:സ്ഥിതിയാണിപ്പോൾ.
നാരായണൻ, കർഷകൻ