sbi
ബാങ്ക് വായ്പ എഴുതിത്തള്ളിയതിന്റെ രേഖകള്‍ മാനേജര്‍ പി.എസ്. സന്തോഷ്, ചെമ്പകപ്പാറ സ്വദേശിനി ജലജകുമാരിക്ക് കൈമാറുന്നു.

കട്ടപ്പന: എസ്.ബി.ഐ കട്ടപ്പന ഇടുക്കികവല ശാഖാ മാനേജർ ഫോണിൽ വിളിച്ച് അടിയന്തരമായി ബാങ്കിലെത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജലജകുമാരിക്ക് വേവലാതിയായി. കാരണം വർഷങ്ങളായി വായ്പത്തുകയുടെ തിരിച്ചടവ് മുടങ്ങിയിട്ട്. കുറച്ചെങ്കിലും തിരിച്ചടയ്ക്കാമെന്ന് കരുതി പലിശയ്ക്ക് വാങ്ങിയ പണവുമായി അവർ ബാങ്കിലെത്തി. എന്നാൽ അപ്രതീക്ഷിതമായ വിഷുക്കൈനീട്ടമാണ് ആ വീട്ടമ്മയെ കാത്തിരുന്നത്. വായ്പത്തുകയും പലിശയും ഉൾപ്പെടെ ഒരുലക്ഷത്തോളം രൂപ എഴുതിത്തള്ളിയതിന്റെ രേഖകൾ മാനേജർ പി.എസ്. സന്തോഷ് കൈമാറിയപ്പോൾ ജലജകുമാരിയുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ വിഷുക്കൈനീട്ടവുമായി അവർ വീട്ടിലേക്ക് മടങ്ങിയത്.

ചെമ്പകപ്പാറ സ്വദേശി ജലജകുമാരി കാലി വളർത്തലിനായി എട്ട് വർഷത്തിന് മുൻപാണ് 50,000 രൂപ വായ്പയെടുത്തത്. ആദ്യകാലങ്ങളിൽ കൃത്യമായി തിരിച്ചടച്ചിരുന്നു. എന്നാൽ മകന് രക്തക്കുഴൽ ചുരുങ്ങുന്ന അപൂർവരോഗം ബാധിച്ചതോടെ ആ കുടുംബത്തിന്റെ ബാധ്യതകളേറി. ഇതോടെയ തിരിച്ചടവും മുടങ്ങി. ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന പശുവിനെയും വിറ്റു. ആഴ്ചകൾക്ക് മുൻപ് പലിശയിളവ് നൽകുന്ന കാര്യം ജലകുമാരിയെ ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് ഇവർ ബാങ്കിലെത്തി തന്റെ ദുരവസ്ഥയെക്കുറിച്ച് മാനേജർ പി.എസ്. സന്തോഷിനെ ധരിപ്പിച്ചു. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും കാണിച്ചു. ഈ വിവരങ്ങൾ മാനേജർ ഹെഡ് ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വായ്പത്തുകയും പലിശയും ഉൾപ്പെടെ 98,000 രൂപ എഴുതിത്തള്ളാനുള്ള അനുമതി ലഭിച്ചു. വിഷുവിന്റെ തലേദിവസം ജലജകുമാരിയെ ഫോണിൽ വിളിച്ച് ബാങ്കിലെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് വായ്പ എഴുതിത്തള്ളിയതിന്റെ രേഖകൾ പി.എസ്. സന്തോഷ് കൈമാറുകയായിരുന്നു.