waste
പുളിയന്‍മലയില്‍ വഴിയോരത്ത് തള്ളിയ മാലിന്യം ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി തിരികെ എടുപ്പിച്ചപ്പോള്‍.

***മാലിന്യപ്രശ്‌നത്തില്‍ കര്‍ശന നടപടിയുമായി വണ്ടന്‍മേട് പഞ്ചായത്ത്

കട്ടപ്പന: പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ 'വടി' എടുത്ത് വണ്ടന്മേട് പഞ്ചായത്ത്. മാലിന്യം നിക്ഷേപിക്കുന്നവരെ തെളിവ് സഹിതം കണ്ടെത്തുന്നവർക്ക് 5000 രൂപയാണ് പഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ പത്തോളം പേരിൽ നിന്ന് പിഴ ഈടാക്കി. വണ്ടൻമേട് പ്രവർത്തിക്കുന്ന പോൾസൺ സ്‌പെയേഴ്‌സ്, ചേറ്റുകുഴിയിലെ മാനുവൽ ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ ഉടമകളിൽ നിന്ന് 20,000 രൂപ വീതവും കമ്പംമെട്ട് സ്വദേശിനി ഹരിപ്രിയയുടെ പക്കൽ നിന്ന് 2500 രൂപയും പിഴ ഈടാക്കി. ഇവരിൽ റോഡരികിൽ മാലിന്യം തള്ളിയ ആശുപത്രി അധികൃതരെ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി തിരികെ എടുപ്പിക്കുകയും ചെയ്തു. കൂടാതെ വിവിധ സ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ച എട്ടോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അജി കെ. തോമസ് അറിയിച്ചു. ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം പെട്ടികൾ എല്ലാ വീടുകളിലും നൽകും. 700ൽപ്പരം മാലിന്യ നിക്ഷേപ പെട്ടികൾ എത്തിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ എത്തിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്താനാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

കുന്നുകൂടി മാലിന്യം

പഞ്ചായത്തിലെ മാലി, കറുവാക്കുളം, വണ്ടൻമേട് മേഖലകളിലാണ് മാലിന്യം കുന്നുകൂടുന്നത്. നാട്ടുകാരുടെ നിസഹകരണത്തെ തുടർന്ന് പല പദ്ധതികളും പാഴായി. 2018- 19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തുമ്പൂർമുഴി മാതൃക മാലിന്യ പ്ലാന്റ് സ്ഥാപിച്ചിട്ടും പ്രയോജനമുണ്ടായില്ല. ആളുകൾക്കിടയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതോടെയാണ് നടപടി കടുപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.