അടിമാലി: കാംകോ ജംഗ്ഷനിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന ഡി.ജെ പാർട്ടിക്കെതിരെ പരാതിപ്പെട്ട യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നടത്തിപ്പുകാരായ പിതാവിനെയും മകനെയും കോടതി റിമാൻഡ് ചെയ്തു. അടിമാലി പുന്നത്താനത്ത് അപ്പച്ചൻ (50), മകൻ ചാൾസ് (24) എന്നിവരെയാണ് അടിമാലി മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. അടിമാലി കുന്നപ്പിളളിൽ ഏലിയാസിനാണ് (42) സംഘടിത ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. പരീക്ഷാ നാളുകളിൽ ഉച്ചത്തിലുള്ള ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് അടിമാലി അമ്പലപടിക്ക് സമീപം പ്രവർത്തിക്കുന്ന പുന്നത്താനത്ത് അഗ്രികൾച്ചറൽ നഴ്‌സറിയോടനുബന്ധിച്ചുള്ള ഡി.ജെ. ഹാളിനെതിരെയാണ് പ്രദേശവാസികൾക്കൊപ്പം ചേർന്ന് ഏലിയാസ് പരാതിനൽകിയത്. പരാതിയെ തുടർന്ന് ഡി.ജെ പാർട്ടി നിർത്തി വയ്ക്കാൻ പൊലിസ് ആവശ്യപ്പെട്ടിട്ടും നിറുത്താതെ പ്രവർത്തിച്ചതിനെ ചോദ്യം ചെയ്ത എലിയാസിനെ പ്രതികൾ കമ്പി വടി ഉപയോഗിച്ച് കാൽ തല്ലി ഒടിക്കുകയും തലയ്ക്ക് പരിക്ക് ഏല്പിക്കുകയുമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ ഏലിയാസ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌.