കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാത്തതിൽ വ്യാപക പ്രതിഷേധം. ഡിസംബർ 15-ന് അടച്ച് മാർച്ച് 15-ന് തുറക്കണമെന്നാണ് ബണ്ട് നിർമ്മാണ വിദഗ്ധ സമിതിയുടെ ശുപാർശ. അടയ്ക്കുന്ന കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി തുറക്കുന്ന കാര്യത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി കാണിക്കുന്നില്ലെന്നാണ് പരാതി . കുട്ടനാട്ടിൽ ഉപ്പ് വെള്ളം കയറാതെ ഇരിപ്പു കൃഷി സാദ്ധ്യമാക്കുകയാണ് തണ്ണീർമുക്കം ബണ്ടിന്റെ ലക്ഷ്യം. കൃഷി വകുപ്പിന്റെ ശുപാർശ പ്രകാരമാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുക. കൃഷി ഇറക്കുന്നതിനും വിളവെടുപ്പും സംഭരണവും നടത്തുന്നതിനും കൃഷി വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പ്രളയം അടക്കമുള്ള കാരണങ്ങളാൽ കർഷകർക്ക് കാർഷിക കലണ്ടർ പാലിക്കാനാകാറില്ല. പുറംബണ്ടിന്റെ ബലഹീനതയാണ് വിത വൈകുന്നതിനുള്ള പ്രധാന കാരണം . ഈ വർഷം കഴിഞ്ഞ മാസാരംഭം മുതൽ ഷട്ടർ ഉടൻ തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇരുപത്തിനാലായിരം ഉൾപ്പടെയുള്ള ചില പാടങ്ങളിലെ നെല്ലുസംഭരണം പൂർത്തിയാകാത്തതിനാലാണ് ബണ്ട് തുറക്കാൻ കൃഷി വകുപ്പ് ശുപാർശ നൽകാത്തത് . ഇന്ന് ആലപ്പുഴ കളക്ട്രേറ്റിൽ ചേരുന്ന യോഗം ബണ്ട് തുറക്കുന്നതിനുള്ള തീയതി തീരുമാനിക്കും.
ബണ്ട് അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള ധീവരസഭ ധർണ്ണ നടത്തി. ബണ്ട് തുറക്കാത്തതു മൂലം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. ചേർത്തല, വൈക്കം താലൂക്കുകളിലെ തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തണ്ണീർമുക്കം പോജക്ട് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി എൻ.ആർ. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.