കുമരകം : ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡ് കുത്തി പൊളിച്ചതോടെ മുപ്പത്തഞ്ചോളം കുടുംബങ്ങളുടെ വഴിയടഞ്ഞു. ഒന്നരമാസം മുൻപാണ് മേടയിൽ - വേളുത്തറ (ഈഴേക്കാവ്) റോഡിൽ കുഴിയെടുത്തത്. തുടർന്ന് റോഡ് നിർമ്മാണത്തിനും ഓട നിർമ്മിക്കാനുമായി വീണ്ടും കുത്തി പൊളിച്ചതോടെ ഇതുവഴിയുള്ള ഗതഗാഗതം പൂർണമായും നിലച്ചു. കാൽനടയാത്ര പോലും അസാദ്ധ്യമായി. പൈപ്പ് ആഴം കുറഞ്ഞ കുഴിയിൽ സ്ഥാപിച്ചതിനാൽ റോഡ് റോളർ കടന്ന് പോകുമ്പോൾ പൈപ്പ് പൊട്ടാൻ സാദ്ധ്യതയുണ്ടെന്ന് കോൺട്രാക്ടർ പറയുന്നു. റോഡ് നിർമ്മാണത്തിന് പഞ്ചായത്ത് അനുവദിച്ച തുക പര്യാപ്തമല്ലാത്തതാണ് നിർമ്മാണം വൈകാനുള്ള കാരണം.
രോഗം വന്നാൽ പെട്ടു !
ശ്വാസംമുട്ടൽ അനുഭവപ്പെട്ട തട്ടാഴത്ത് ഗോപാലകൃഷ്ണനെ കഴിഞ്ഞ ദിവസം ആളുകൾ ചേർന്ന് ചുമന്ന് പ്രധാന റോഡിലെത്തിച്ച് വാഹനത്തിൽ കയറ്റിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബന്ധപ്പെട്ടവരെ പലവട്ടം സമീപിച്ചെങ്കിലും മെല്ലെപ്പോക്ക് നയമാണ് തുടരുന്നതെന് പഞ്ചായത്തംഗം ദിവ്യ ദാമോദരൻ പറഞ്ഞു.