govindavarier

കോട്ടയം: മകനിൽ നിന്ന് പകുത്തു കിട്ടിയ കരളിന്റെ പിൻബലത്തിലാണ് ഗോവിന്ദ വാര്യരെന്ന റവന്യൂ ഉദ്യോഗസ്ഥൻ ആയിരങ്ങൾക്ക് പ്രയോജനകരവും പ്രചോദനവുമായി മാറിയ കരൾ മാറ്റത്തിന്റെ കഥയെഴുതിയത്.

വില്ലേജ് ഒാഫീസറായിരിക്കെ ഒട്ടേറെപ്പേർക്ക് അവയവമാറ്റത്തിനുള്ള സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകിയിട്ടുള്ള വാര്യർക്ക് , തന്റെ സർവീസ് കാലയളവിൽ തന്നെ അത്തരമൊരു സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടിയും വന്നത് വിധിവൈപരിത്യം. മദ്യവും മീനും മാംസവും ഉപയോഗിക്കാത്ത ഈ പഴയ കഴകക്കാരന് 54ാം വയസിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുതരമായ കരൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഡോക്ട‌ർമാർ വിധിയെഴുതി. മൃതസഞ്ജീവനി പദ്ധതി വഴിയും മറ്റും ശ്രമിച്ചെങ്കിലും കരൾ കിട്ടാൻ മാർഗം തെളിഞ്ഞില്ല. അങ്ങിനെയാണ് മകൻ കരൾ പകുത്തു നൽകാൻ തയ്യാറായത്.

മുപ്പതു ലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിലെത്തിയ വാര്യർ വിശ്രമകാലത്ത് ആദ്യം ചെയ്തത് രോഗകാലത്ത് താൻ അനുഭവിച്ച ആത്മസംഘർഷങ്ങളും ചികിൽസാ രീതികളും ലാപ്ടോപ്പിലേയ്ക്ക് പകർത്തുകയായിരുന്നു. കരൾ മാറ്റത്തിന്റെ ശാസ്ത്രീയവും ശാരീരികവും മാനസികവുമായ വശങ്ങളെക്കുറിച്ച് ഏറെക്കുറെ ആധികാരികമായ ഗ്രന്ഥം അങ്ങിനെ പിറവിയെടുത്തു. പുനരുജ്ജീവനം കരൾ മാറ്റത്തിലൂടെ എന്ന ഈ ഗ്രന്ഥം ശാസ്ത്രീയ വസ്തുതകളെ ആദ്ധ്യാത്മിക സന്ദർഭങ്ങളുമായി സരസമായി സംയോജിപ്പിച്ചായിരുന്നു രചന. കരൾ രോഗം ബാധിച്ചവർക്കും കരൾ പകുത്തുനൽകാൻ സന്നദ്ധരാകുന്നവർക്കും ആത്മധൈര്യവും പ്രതീക്ഷയും പകരും ഈ ഗ്രന്ഥം.

ഡെപ്യൂട്ടി തഹസിൽദാരായി സർവീസിൽ നിന്ന് വിരമിച്ച ഗോവിന്ദവാര്യർ കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയും സമസ്ത കേരളവാര്യർ സമാജം സംസ്ഥാന ഭാരവാഹിയുമാണ്. കരുമാല്ലൂർ മനക്കപ്പടി പൈങ്കുളങ്ങര വാര്യത്ത് പരമേശ്വരവാര്യരുടെയും തിരുവാലുകുന്നത്ത് കുട്ടി വാര്യസ്യാരുടെയും മകനാണ്.പള്ളിപ്പാ‌ട് പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖയാണ് ഭാര്യ. മക്കൾ: കരൾ പകുത്തു നൽകിയ ഗോപുരാജ്, ഗായത്രി. മരുമകൻ: ഉണ്ണികൃഷ്ണൻ.