വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ പുതിയ ആശുപത്രി സമുച്ചയം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ സ്ഥലത്തെ മണ്ണ് കരാറുകാരൻ മാനദണ്ഡങ്ങൾ ലംഘിച്ച് കടത്തിയ സംഭവം വിവാദമാകുന്നു. പ്രതിഷേധത്തിനിടയിൽ നഗരസഭ അധികൃതർ സ്ഥലത്തെത്തി. കെട്ടിടങ്ങൾ പൊളിച്ച സ്ഥലത്തെ തറനിരപ്പിൽ നിന്ന് മണ്ണ് നീക്കാനായിരുന്നു കരാറുകാരന് അനുവാദം നൽകിയിരുന്നത്. എന്നാൽ കരാറുകാരൻ മുന്നിട താഴ്ചയിൽ 70 മീ​റ്റർ വിസ്തൃതിയിൽ കുഴിച്ച് ലോഡ് കണക്കിന് മണ്ണ് കടത്തി. മണ്ണ് കുഴിച്ചെടുത്ത ഭാഗത്ത് കെട്ടിടം പൊളിച്ചപ്പോൾ ലഭിച്ച കോൺക്രീറ്റ് മാലിന്യമടക്കം നിറച്ചിരിക്കുകയാണ്. വെള്ളക്കെട്ടും രൂക്ഷമായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റിയും, സെക്രട്ടറി, ഓവർസിയർ തുടങ്ങിയവർ സ്ഥലത്തെത്തി

നടത്തിയ പരിശോധനയിൽ അനധികൃതമായി മണ്ണ് കടത്തിയത് ബോദ്ധ്യപ്പെട്ടു. ഇക്കാര്യത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിൽ നിന്ന് വിശദീകരണം തേടും. നഗരസഭയുടെ റിപ്പോർട്ട് കളക്ടർക്ക് സെക്രട്ടറി കൈമാറും. വൈക്കം താലൂക്ക് ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബിയിൽ നിന്ന് അനുവദിച്ച 92 കോടി രൂപ വിനയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമ്മിക്കുന്നത്.