മുണ്ടക്കയം : കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയോരത്ത് മുണ്ടക്കയം ഗാലക്‌സി ജംഗ്ഷന് സമീപം പൈങ്ങണ കൈത്തോട് കൈയേറി സ്വകാര്യവ്യക്തിയുടെ നിർമ്മാണം. ഒന്നര വർഷം മുമ്പ് ഗ്രാമ പഞ്ചായത്തും,റവന്യു വകുപ്പും നൽകിയ സ്റ്റോപ്പ് മെമ്മോ മറികടന്നുള്ള നിർമ്മാണത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സ്വകാര്യ റബർ നഴ്‌സറി ഉടമ തന്റെ പുരയിടത്തോട് ചേർന്ന് 7 വർഷം മുമ്പ് പുറമ്പോക്ക് ഭൂമിയിലൂടെ ദേശീയ പാതയിലേയ്ക്ക് പാലം നിർമ്മിച്ചിരുന്നു. പിന്നീട് അഞ്ചുവർഷങ്ങൾക്ക് ശേഷം പാലത്തിന്റെ ഇരുവശങ്ങളിലും പുറമ്പോക്ക് കൈയേറി നിർമ്മാണ ജോലി നടത്തി. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മുണ്ടക്കയം ഗ്രാമപഞ്ചായത്തും, റവന്യു വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയതോടെ നിർമ്മാണം അവസാനിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മുതൽ വീണ്ടും തുടങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ജീവനക്കാരെ സംഭവസ്ഥലത്തേക്ക് അയക്കുകയും നിർമ്മാണ പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയെങ്കിലും ജീവനക്കാർ തിരികെ പോയതിന് പിന്നാലെ ജോലി പുന:രാരംഭിച്ചു. ഇതോടെ പഞ്ചായത്ത് അംഗം സി.വി.അനിൽകുമാർ, സെക്രട്ടറി ഇൻ-ചാർജ് ജോബോയ് എന്നിവർ സ്ഥലത്തെത്തി ജോലി നിറുത്തിവയ്പ്പിച്ചു.
സ്‌റ്റോപ്പ് മെമ്മോ കൈപ്പറ്റിയില്ല
സ്‌റ്റോപ്പ് മെമ്മോ നൽകിയത് കൈപ്പറ്റാൻ സ്വകാര്യ വ്യക്തി തയ്യാറാകാത്തതിനെ തുടർന്ന് നിർമ്മാണ സ്ഥലത്ത് പഞ്ചായത്ത് നോട്ടീസ് പതിപ്പിച്ചു. അനധികൃത നിർമ്മാണ സ്ഥലത്തോട് ചേർന്ന് സർക്കാർ ഫണ്ടുപയോഗിച്ചു കുളിക്കടവ് നിർമ്മാണം പുരോഗമിക്കുമ്പോഴാണ് സ്ഥലത്തിന്റെ അവകാശവാദവുമായി സ്വകാര്യ വ്യക്തി രംഗത്തു വന്നിരിക്കുന്നത്. നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലന്നും അനുമതിയില്ലാതെയുളള നിർമ്മാണ ജോലികൾ നിറുത്തിവയ്ക്കാൻ രേഖാമൂലം നിർദ്ദേശം നൽകിയതായും പ്രസിഡന്റ് രേഖാദാസ് പറഞ്ഞു.