കോട്ടയം: കരകയറിത്തുടങ്ങിയ ടൂറിസം മേഖല കൊവിഡിന്റെ രണ്ടാം വരവിൽ വീണ്ടും വെള്ളത്തിലായി. ക്രിസ്മസോടെ തിരിച്ചുവരവിന്റെ പാതയിലായിരുന്ന ടൂറിസം പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും കൊവിഡ് ഭീതിയുയർന്നത്. വിദേശികളില്ലെങ്കിലും ഒക്ടോബർ മുതൽ മലയാളികളായ വിനോദ സഞ്ചാരികളാൽ സമ്പന്നമായിരുന്നു ജില്ലയിലെ ടൂറിസം സ്പോട്ടുകൾ.
കുമരകം , ഇലവീഴാപൂഞ്ചിറ , അരുവിക്കുഴി , ഇല്ലിക്കൽ കല്ല് , വാഗമൺ മൊട്ടകുന്ന് , പൈൻ കാട് എന്നിവിടങ്ങളിൽ വേനൽ അവധിക്ക് വിനോദ സഞ്ചാരികൾ ഒഴുകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒരാഴ്ചയോളമായി പത്ത് ശതമാനം പോലും ആളുകൾ എത്താത്ത അവസ്ഥയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ മറ്റു തൊഴിൽ തേടി പോകേണ്ടിവരും.
എത്തിയിരുന്നത് വടക്കു നിന്ന്
തൃശൂർ, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന് ജനുവരി മുതൽ സഞ്ചാരികൾ കുമരകത്ത് എത്തിയിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഹൗസ് ബോട്ടുകൾക്കും കോട്ടേജുകൾക്കും ഒരുപോലെ ബുക്കിംഗുണ്ടായിരുന്നു. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ആളൊഴിഞ്ഞു.
എല്ലാം പെട്ടെന്ന്
സഞ്ചാരികൾ കുറഞ്ഞത് ഒരാഴ്ചകൊണ്ട്
വാക്സിൻ ക്ഷാമവും തിരിച്ചടിയായി
പ്രായമുള്ളവർ ബുക്കിംഗ് ക്യാൻസൽ ചെയ്തു
ഹൗസ് ബോട്ട് മേഖലയിലും പ്രതീക്ഷയില്ല
'' കൊവിഡിന് ശേഷം ജീവനക്കാർക്കുള്ള ശമ്പളവും മറ്റും കൈയിൽ നിന്ന് കൊടുക്കുകയായിരുന്നു. ഒക്ടോബറോടെയാണ് മേഖല വീണ്ടും പച്ചപിടിച്ചത്. വിദേശികൾ ഉടനെ എത്തില്ലെന്ന് ഉറപ്പായിരുന്നു. തദ്ദേശീയരിലായിരുന്നു പ്രതീക്ഷ. പക്ഷേ, ഒരാഴ്ചായി കാര്യങ്ങൾ കൈവിട്ട് പോയ അവസ്ഥയിലാണ്''
- ഷനോജ്കുമാർ, പ്രസിഡന്റ്, ഹൗസ് ബോട്ട് ഒാണേഴ്സ് സൊസൈറ്റി