fruits

കോട്ടയം: നോമ്പ് മാസം ആരംഭിച്ചിട്ടും പഴങ്ങളുടെ വിപണിയിൽ കാര്യമായ ചലനമില്ലെന്ന് കച്ചവടക്കാർ. ഒരു മാസം മുൻപ് വിലകുറവായിരുന്ന പല പഴങ്ങൾക്കും ഇപ്പോൾ വില കൂടിയിട്ടുണ്ട്. റംസാൻ സമയങ്ങളിലും വേനൽക്കാലത്തുമാണ് പഴങ്ങൾ കൂടുതലായി വിറ്റഴിയുക. ഉച്ച കഴിഞ്ഞു പെയ്യുന്ന വേനൽമഴ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. കൊവിഡ് രോഗഭീതി വർദ്ധിക്കുന്നതും കച്ചവടം കുറയ്ക്കുന്നതായി വ്യാപാരികൾ പറയുന്നു.
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരും പുതുജീവിതമാർഗമായി കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പഴങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്ന് പാതയോരങ്ങളിൽ വിറ്റഴിക്കുന്നതും മാർക്കറ്റിലെ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നു.

 വില കുറവ് മാമ്പഴത്തിന്

സീസണായതിനാൽ ഏറ്റവും വിലക്കുറവ് മാമ്പഴത്തിനാണ്. മൂവാണ്ടൻ മാങ്ങ 70, പേരയ്ക്കാ മാങ്ങ 100 എന്നിങ്ങനെയാണ് വില. തണ്ണിമത്തൻ പച്ചയ്ക്ക് 40 രൂപയും, മഞ്ഞയ്ക്ക് 25 രൂപയും വിലയുണ്ട്. പച്ച തണ്ണിമത്തനാണ് ആവശ്യക്കാരേറെ. പച്ച ബാംഗ്ലൂർ സി. പ്ലസ് 120, കറുപ്പ് 100, ബ്ലാക്ക് സീഡ് 120 എന്നിങ്ങനെയാണ് മുന്തിരിയുടെ വില. മുസാബി 120 രൂപയ്ക്കും ഓറഞ്ച് 100 രൂപയ്ക്കും ലഭിക്കും. രണ്ട് മാസം മുൻപ് 100, 120 രൂപയായിരുന്നു ആപ്പിളിന്റെ വില.

ഓറഞ്ച് മഹാരാഷ്ട്രയിൽ നിന്നും മുന്തിരി ബാംഗ്ലൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും തണ്ണിമത്തൻ തമിഴ്‌നാട്ടിൽ നിന്നുമാണ് എത്തുന്നത്. വില കുറയുന്നതോടെ വിൽപനയിൽ ഗണ്യമായ വർദ്ധന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

'അഞ്ച് വർഷമായി പഴങ്ങളുടെ കച്ചവടം ചെയ്യുന്നു. സീസൺ സമയമായിട്ടും പ്രതികൂല കാലാവസ്ഥയും കൊവിഡ് വ്യാപനവും കച്ചവടത്തെ ബാധിച്ചു.'

- സലീം, വ്യാപാരി, താഴത്തങ്ങാടി