
കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പിൻവശം മാലിന്യക്കൂമ്പാരം
ചങ്ങനാശേരി: കുന്നോളം മാലിന്യം. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പിൻവശം ചവറ്റുകുട്ടയ്ക്ക് സമാനമാണ്. ഒപ്പം ഡിപ്പോ ഓഫീസിനു സമീപത്ത് സ്ഥിതി ചെയ്യുന്ന കക്കൂസിലൂടെ മലിനജലം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ യാത്രക്കാർക്ക് ഇരട്ടിദുരിതം. യാത്രക്കാർക്ക് റോഡിലൂടെ പരന്നൊഴുകുന്ന മലിനജലത്തിൽ ചവിട്ടി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. മാലിന്യം ഒഴുകുന്ന റോഡിലൂടെ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് കടന്നുപോകുന്നത്. ഇതിലേറെയും ഗവ. ജനറൽ ആശുപത്രിയിലേക്കുള്ള ആളുകളാണ്. കൊവിഡും മറ്റ് സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നഗരമധ്യത്തിൽ മലിനജലവും മാലിന്യക്കൂമ്പാരവും.
ഒഴിയാത്ത രോഗഭീതി
വേനൽമഴ ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സിക്ക് പിന്നിൽ കുന്നുകൂടിയ മാലിന്യം അഴുകിയ നിലയിലാണ്. മലിനജലവും റോഡിലേയ്ക്കും മറ്റ് സ്ഥലങ്ങളിലേയ്ക്കും ഒഴുകിയെത്തുന്നത് രോഗസാധ്യത വർദ്ധിപ്പിക്കുകയാണ്. സ്റ്റാൻഡിന് പിന്നിലെ തകർന്നു വീണ മതിൽ പുനർനിർമ്മിക്കണമെന്നും മാലിന്യപ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി അധികൃതർക്ക് പരാതി സമർപ്പിച്ചു. അടിയന്തരമായി പ്രസിഡന്റ് ജോസൂട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു.