g-sukumaran-nair-action

കോട്ടയം: എൻ.എസ്.എസിനെ വിമർശിച്ച് പാർട്ടി പത്രത്തിൽ ലേഖനമെഴുതിയ സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന് മറുപടിയുമായി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം എൻ.എസ്.എസിനോട് വേണ്ടെന്നും വർഗീയ ധ്രുവീകരണത്തിന് ഇട നൽകാതെയുള്ള എൻ.എസ്.എസിന്റെ പ്രവർത്തനശൈലിയെക്കുറിച്ച് വിജയരാഘവന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
''രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ആർ.എസ്.എസ് പോലെയുള്ള സംഘടനകളുമായും സൗഹൃദം പങ്കിടുകയും എല്ലാവരുമായും തുല്യ അകലം പാലിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന എൻ.എസ്.എസിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിമർശിച്ചത് അജ്ഞതകൊണ്ടാണ്. എൻ.എസ്.എസ് അന്യായമായ ഒരാവശ്യവും ഒരു സർക്കാരിനോടും ഉന്നയിക്കാറില്ല. മന്നം ജയന്തിദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌ ആക്ടിന്റെ പരിധിയിൽ വരുന്ന അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന ആവശ്യം മുടന്തൻ ന്യായം പറഞ്ഞ് സർക്കാർ തള്ളി. വിശ്വാസ സംരക്ഷണവും മുന്നാക്ക സംവരണവും എൻ.എസ്.എസിന്റെ മാത്രം ആവശ്യമല്ല, പൊതുസമൂഹത്തെ ബാധിക്കുന്നവയാണ്. ഇക്കാര്യങ്ങളും ഒന്നുമായില്ലെങ്കിലും സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലോ ഏതെങ്കിലും വിവാദങ്ങളിലോ ഇടപെടാനോ അഭിപ്രായം പറയാനോ എൻ.എസ്.എസ് ശ്രമിച്ചിട്ടില്ല
വോട്ടെടുപ്പ് ദിനത്തിലെ പ്രസ്താവനയിൽ രാഷ്ട്രീയമോ മതമോ ഉണ്ടായിരുന്നില്ല. വിഷയത്തെ ദേവനും ദേവഗണങ്ങളും ആരാധനാമൂർത്തികളും ആയി ബന്ധപ്പെടുത്തി മത-സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രിയാണ്. അതിന്റെ ചുവടുപിടിച്ച് ഇടതുപക്ഷ നേതാക്കൾ നടത്തിയ പ്രസ്താവനകളെല്ലാം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞിട്ടുണ്ട് '' -സുകുമാരൻനായർ പറഞ്ഞു.