കട്ടപ്പന: മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ചർച്ചയാകുമ്പോൾ, ഒരുവർഷം മുമ്പ് അദ്ദേഹം പത്രസമ്മേളനത്തിൽ വിമർശിച്ച കോൺഗ്രസ് നേതാവ് എ.പി. ഉസ്മാൻ മുന്നോട്ടുവയ്ക്കുന്നത് ഏതാനും ചോദ്യങ്ങളാണ്. സ്വന്തം കുടുംബാംഗങ്ങൾക്ക് രോഗമുണ്ടെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി ക്വാറന്റീനിൽ പോകാതിരുന്നത് ജാഗ്രതക്കുറവല്ലേ?, റോഡ് ലക്ഷണങ്ങളുണ്ടായതായി പറയുന്ന ഏപ്രിൽ 4ന് റോഡ് ഷോ നടത്തി ആയിരങ്ങളുമായി അടുത്തിടപഴകിയത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമല്ലേ?, ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷമാണ് അടുത്ത പരിശോധന നടത്തുന്നത്, എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചില്ലേ?
മുഖ്യമന്ത്രിയുടെ രോഗമുക്തിയിൽ സന്തോഷമുണ്ടെന്നുംകൊവിഡ് രോഗികൾക്ക് രണ്ടുതരം നീതി നടപ്പാക്കുന്നതിനെക്കുറിച്ച് ജനം ചർച്ച ചെയ്യണമെന്നും എ.പി. ഉസ്മാൻ പറഞ്ഞു. കൊവിഡ് ജാഗ്രതയെക്കുറിച്ച് നിരന്തരം പത്രസമ്മേളനം നടത്തി പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി വരുത്തിയ വീഴ്ചകൾ പൊതുസമൂഹം ചർച്ച ചെയ്യുകയാണ്. തനിക്ക് കൊവിഡ് ബാധിച്ചപ്പോൾ രോഗിയെന്ന പരിഗണന പോലും ലഭിച്ചില്ല. 2020 മാർച്ച് 27ലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പരുഷമായ ഭാഷയിൽ വിമർശിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ നിരന്തരം സൈബർ ആക്രമണമുണ്ടായി. എന്നാൽ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിരുന്നില്ലെന്നും എ.പി. ഉസ്മാൻ പറഞ്ഞു.