കട്ടപ്പന: അടിമാലി പ്ലാമലയിൽ കൃഷിനാശമുണ്ടാക്കിയ വനപാലകർ മറുപടി പറയണമെന്ന് കിസാൻ സഭ ജില്ലാ കമ്മിറ്റി. വനസംരക്ഷണ നിയമത്തിന്റെ മറവിൽ കർഷകരെ ദ്രോഹിക്കുകയാണ്. സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. പ്ലാമലയിൽ ഏലച്ചെടികൾ വെട്ടിനശിപ്പിച്ചത് അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൈയേറ്റക്കാരെയാണ് ഒഴിപ്പിക്കേണ്ടത്. കൃഷിനാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകണം. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തെ തുടർന്ന് കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളെ ചെറുക്കാൻ കർഷകർ ഒന്നിക്കണമെന്നും നേതാക്കൾ പറഞ്ഞു. പ്രസിഡന്റ് ജോയി അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ, ഭാരവാഹികളായ പി.എസ് നെപ്പോളിയൻ, ജോയി വടക്കേടം, പി.കെ. സദാശിവൻ, ഐ. ശശിധരൻ, വി.ആർ. ബാലകൃഷ്ണൻ, എസ്. മനോജ്, കെ.കെ. തങ്കപ്പൻ എന്നിവർ പങ്കെടുത്തു.