കട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്തത് ഖേദകരമാണെന്ന് ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല. പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞിട്ട് ഒരാഴ്ചയിലധികം പിന്നിട്ടു. അന്വേഷണം ഊർജിതമാക്കണമെന്ന് കഴിഞ്ഞദിവസം ബി.ജെ.പി. നേതാക്കൾ കട്ടപ്പന ഡിവൈ.എസ്.പിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ശാസ്ത്രീയ പരിശോധനകൾ നടക്കുകയാണെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഡിവൈ.എസ്.പി. പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ മറ്റുമാർഗങ്ങൾ ആലോചിക്കണം. അന്വേഷണം വൈകിയാൽ പൊതുജന പങ്കാളിത്തത്തോടെ ആക്ഷൻ കൗൺസിൽ രൂപീകരിക്കുമെന്നും രതീഷ് വരകുമല പറഞ്ഞു.