പാലാ : മീനച്ചിൽ കാർഷിക ബാങ്കിനെ നഷ്ടത്തിൽ നിന്ന് കരകയറ്റി പഴയകാലപ്രതാപത്തിലേക്ക് തിരികെകൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് സഹകരണ ജനാധിപത്യമുന്നണി ഇലക്ഷൻ കമ്മിറ്റി ചെയർമാനും കേരള ബാങ്ക് മാനേജിംഗ് കമ്മിറ്റി മെമ്പറുമായ കെ.ജെ.ഫിലിപ്പ് കുഴികുളം പറഞ്ഞു. ഒരു കാലത്ത് കേരളത്തിലെ മറ്റ് കാർഷിക ബാങ്കുകൾക്ക് മാതൃകയായിരുന്ന ഈ ബാങ്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാൽനൂറ്റാണ്ടിലേറെക്കാലം തുടർച്ചയായി ഭരണനേതൃത്വത്തിലിരുന്ന് ഈ ബാങ്കിനെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചവർ വീണ്ടും ഭരണം കയ്യാളാൻ ശ്രമിക്കുന്നത് അപഹാസ്യവും ബാങ്കിലെ ഓഹരിഉടമകളോട് കാണിക്കുന്ന വെല്ലുവിളിയുമാണ്. ഒരു ധനകാര്യസ്ഥാപനത്തിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത രാഷ്ട്രീയ അതിപ്രസരവും കെടുകാര്യസ്ഥതയും കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് കഴിഞ്ഞ ബോർഡിലെ അംഗങ്ങളിൽ ഭൂരിപക്ഷവും ഒറ്റക്കെട്ടായി രാജിവച്ചത്. രാഷ്ട്രീയത്തിന് അതീതമായി ബാങ്കിന്റെ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കിക്കൊണ്ട് ബാങ്കിനെ പുരോഗതിയിലേക്ക് നയിക്കുവാൻ സഹകരണരംഗത്ത് മികവ് തെളിയിച്ചവരുടെ പാനലാണ് സഹകരണ ജനാധിപത്യമുന്നണി അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു