കോട്ടയം: ജില്ലയിൽ ഇന്ന് മുതൽ കടകൾ രാത്രി ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കാവൂ. വിനോദ സഞ്ചാരമേഖലയിലും നിയന്ത്രണമേർപ്പെടുത്താൻ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന വിവിധ മേഖലയിലുള്ളവരുടെ യോഗം തീരുമാനിച്ചു. ഒൻപതിനു ശേഷം ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ലെങ്കിലും 11 വരെ പാഴ്‌സൽ നൽകാം. മെഡിക്കൽ സ്റ്റോറുകൾക്ക് സമയം ബാധകമല്ല.
വിനോദ സഞ്ചാരികൾ താമസിക്കുന്ന റിസോർട്ടുകളും ഹോം സ്റ്റേകളും പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കും. വിവിധ സംഘങ്ങൾക്ക് ഒന്നിച്ച് ഒരു ഹൗസ് ബോട്ടിൽ യാത്രയൊരുക്കില്ല. മാർക്കറ്റ് സമിതികളുടെയും ഹെൽപ്പ് ഡെസ്‌കുകളുടെയും പ്രവർത്തനം ഊർജിതമാക്കും. മാർക്കറ്റുകളിലെ മുഴുവൻ തൊഴിലാളികളും കൊവിഡ് പരിശോധന നടത്തും. 45 നു മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകും.വാക്‌സിൻ വിതരണം നടത്തുന്നതിനും കൊവിഡ് പ്രതിരോധ ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നതിനും ആരോഗ്യ വകുപ്പിനെ കളക്ടർ ചുമതലപ്പെടുത്തി.