രാജക്കാട്: ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ ഇന്നലെയും കനത്ത മഴ പെയ്തു. ശക്തമയ മഴയിലും കാറ്റിലും രാജാക്കാട്ടിൽ രണ്ട് ദിവസമായി കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. വ്യാഴാഴ്ച പകൽ വൻ മരം വീണ് തകർന്ന വീടിനു മുകളിലേക്ക് ഇന്നലെ ഉച്ച കഴിഞ്ഞ് മറ്റൊരു മരം കൂടി ഒടിഞ്ഞു വീണു. അടിവാരം മച്ചാനിക്കൽ ജേക്കബിന്റെ വീടിനു മുകളിലേക്കാണ് വീണ്ടും മരം വീണത്. ഐഎൻടിയുസി (ഡ്രൈവേഴ്‌സ് യൂണിയൻ) പ്രവർത്തകർ കഴിഞ്ഞ ദിവസം വീണ പ്ലാവ് വെട്ടി മാറ്റിയ ശേഷമാണ് മറ്റൊരു പ്ലാവ് വീടിനു മുകളിൽ പതിച്ചത്. അടുക്കള പൂർണമായും തകർന്നു. ഈ സമയം കുടുംബാംഗങ്ങൾ വീടിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല. വീട്ടുപകരണങ്ങളും ജല സംഭരണ ടാങ്കും തകർന്നു. മരം പിന്നീട് നാട്ടുകാർ മുറിച്ചു നീക്കി. രാജാക്കാട് അടിവാരത്ത് മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി റോഡിൽ വീണു. വിവിധ മേഖലകളിൽ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.