അടിമാലി: വേനൽ മഴയിലും മിന്നലിലും അടിമാലി മേഖലയിലും നാശം.മുറ്റമിടിഞ്ഞ് അടിമാലി മൂകാംബിക നഗറിൽ താമസക്കാരിയായ കൊറ്റാഞ്ചേരിൽ രാജേശ്വരിയുടെ വീട് അപകടാവസ്ഥയിലായി. വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു മുറ്റത്തിന്റെ ഭാഗമായുള്ള കൽക്കെട്ടിടിഞ്ഞ് താഴേക്ക് പതിച്ചത്.വീടിനോട് ചേർന്ന് നിൽക്കുന്ന വൈദ്യുതി പോസ്റ്റ് ഏത് നിമിഷവും നിലം പതിക്കാവുന്ന വിധം അപകടാവസ്ഥയിലാണ്.വീടിന്റെ ഭിത്തിക്ക് നേരിയ വിള്ളൽ സംഭവിച്ചതായും വേനൽമഴ തുടർന്നാൽ കൽക്കെട്ടിന്റെ ശേഷിക്കുന്ന ഭാഗം കൂടി ഇടിഞ്ഞ് വീട് കൂടുതൽ അപകടാവസ്ഥയിലാകാൻ സാദ്ധ്യതയുണ്ടെന്നും രാജേശ്വരിയുടെ മകൻ വിഷ്ണു പറഞ്ഞു.അടിമാലി കൈതച്ചാലിൽ താമസിച്ച് പോരുന്ന മംഗലാമഠത്തിൽ മോളി ചാണ്ടിയുടെ വീടിന് ബുധനാഴ്ച്ച രാത്രിയിലുണ്ടായ ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു.വീടിന്റെ വയറിംഗ് സാമഗ്രികളും വീട്ടുപകരണങ്ങളും നശിച്ചു.വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന 250 കിലോയോളം തൂക്കം വരുന്ന മൂരിക്കിടാവ് ഇടിമിന്നലേറ്റ് ചത്തതായി മോളി പറഞ്ഞു. മൺകട്ട കൊണ്ട് നിർമ്മിച്ച വീട്ടിൽ അപകട സമയത്ത് മോളി മാത്രമായിരുന്നു ഉണ്ടായിരുന്നത്.നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും മോളി മിന്നലിൽ നിന്നും പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.