parking

അടിമാലി: പാർക്കിംഗ് നിയന്ത്രണങ്ങളില്ലാതെ അടിമാലി ടൗണിലെ തോന്നും പടിയുള്ള വാഹന പാർക്കിംഗ് ടൗണിൽ ഗതാഗത കുരുക്കിന് ഇടവരുത്തുകയാണ്.കല്ലാർകുട്ടി റോഡിലെ നടപ്പാതയിൽ വരെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിർത്തിയിടുന്ന സാഹചര്യമുണ്ട്. കുത്തഴിഞ്ഞ വാഹന പാർക്കിംഗ് കാൽനടയാത്രികർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് രൂക്ഷമാകാനും ഇടവരുത്തുന്നു.കല്ലാർകുട്ടി റോഡിലുൾപ്പെടെ പലയിടത്തും നോപാർക്കിംഗ് ബോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നിർദ്ദേശമാരും കാര്യമായി മുഖവിലക്കെടുക്കാറില്ല. തിരക്കുള്ള ഇടങ്ങളിലെ അനധികൃത പാർക്കിംഗ് ചില സമയങ്ങളിൽ വാക്ക് തർക്കത്തിൽ കലാശിക്കാറുണ്ട്.വൺവെ രീതിയിൽ ഗതാഗതം ക്രമീകരിച്ചിട്ടുള്ള ബസ് സ്റ്റാൻഡ് റോഡിലും ലൈബ്രറി റോഡിലും നിയന്ത്രണങ്ങൾക്ക് പുല്ലുവിലയാണ്.ഗതാഗത കുരുക്കിന് അയവ് വരുത്താൻ ഇടപെടൽ നടത്തുമെന്ന് മുമ്പ് പഞ്ചായത്തറിയിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.സെൻട്രൽ ജംഗ്ഷനിലും ബസ് സ്റ്റാൻഡിലുമൊഴികെ പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാത്തതും തോന്നുംപടിയുള്ള പാർക്കിംഗിന് കളമൊരുക്കുന്നു.