ksrtc-wst

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഡിപ്പോയുടെ പിൻവശം ചവറ്റുകുട്ടയ്ക്ക് സമാനം. മാലിന്യം നിക്ഷേപകേന്ദ്രമായി മാറിയ സ്ഥിതിയാണ് ഇവിടം. കൂടാതെ, ഡിപ്പോ ഓഫീസിനു സമീപത്ത് സ്ഥിതി ചെയ്യുന്ന കക്കൂസിലൂടെ മലിനജലം പുറത്തെ റോഡിലൂടെ പരന്നൊഴുകാൻ തുടങ്ങിയിട്ട് നാളുകളായിട്ടും നടപടിയില്ല. മാലിന്യം നിക്ഷേപിച്ചിരിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് കടന്നു പോകുന്നത്. സ്റ്റാൻഡിനു പിൻ വശത്തുള്ള മതിൽ ഇടിഞ്ഞു വീണിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും പുനർ നിർമ്മിക്കുന്നതിനുള്ള നടപടികളും അധികൃതർ നാളിതുവരെ സ്വീകരിച്ചിട്ടില്ല.

മാലിന്യം നിക്ഷേപിച്ചിരിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്കും മറ്റിടങ്ങളിലേയ്ക്കും ഇതുവഴി എത്തുന്നത്. റോഡിലൂടെ പരന്നൊഴുകുന്ന മലിനജലത്തിൽ ചവിട്ടി യാത്ര ചെയ്യേണ്ട സ്ഥിതിയാണ് യാത്രക്കാർക്ക്. കൊവിഡ് പോലെയുള്ള രോഗവും മറ്റ് സാക്രമിക രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നഗരമദ്ധ്യത്തിൽ ഇത്തരത്തിൽ മാലിന്യ നിക്ഷേപവും മലിനജലവും ആരാലും പരിഹരിക്കപ്പെടാതെ കിടക്കുന്നത്.

സ്റ്റാൻഡിനു പിൻവശം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ പിടിയിലാണ്. വേനൽ മഴ ആരംഭിച്ചതിനാൽ മാലിന്യങ്ങൾ അഴുകിയ ജലവും കക്കൂസ് മലിനജലവും റോഡിലേയ്ക്കും മറ്റ് പലസ്ഥലങ്ങളിലേയ്ക്കും ഒഴുകി എത്തുന്നതിനും ഇടയാക്കുന്നു. തകർന്നു വീണ മതിൽ പുനർ നിർമ്മിയ്ക്കുകയും മാലിന്യ നിക്ഷേപം തടയുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി ബന്ധപ്പെട്ട അധികൃതർക്ക് പരാതി സമർപ്പിച്ചു. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് പ്രസിഡന്റ് ജോസൂട്ടി നെടുമുടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.