file

കോട്ടയം:​ ​ആർ.ടി ഓഫീസുകളിൽ ഫയലുകൾ കുന്നുകൂടുന്നു. വാഹന ഉടമകൾ നെട്ടോട്ടത്തിൽ. വാഹനത്തിലും ബാങ്കിലും കൈവശവും സൂക്ഷിക്കേണ്ട പ്രധാന സർട്ടിഫിക്കറ്റുകൾ ആറുമാസമായി വിതരണം ചെയ്യാത്തത് ഉടമകളെ വിഷമിപ്പിക്കയാണ്. പുതിയ ലൈസൻസിനും ലൈസൻസ് പുതുക്കുന്നതിനും ലേണേഴ്സ് ലൈസൻസിനുമായി ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ലോണെടുത്ത് വാഹനം വാങ്ങിയശേഷം ബുക്കും പേപ്പറും ബാങ്കിൽ നൽകാൻ പറ്റാതെ വലയുന്നവർ നിരവധിയാണ്. ഓൺലൈൻ വന്നിട്ടും പക്ഷപാതപരമായ സംവിധാനമാണ് ചില ആർ.ടി ഓഫീസുകളിലുള്ളതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അപേക്ഷകളിൽ നടപടി ഇല്ലാതെ വരുന്നതോടെ അപേക്ഷകർ ഓഫീസിലെത്തി വാക്കുതർക്കവും സ്ഥിരമായി.

പരിവാഹൻ സൈറ്റ് വഴി രേഖകൾ അപ്‌ലോഡ് ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റിനുള്ള വിൻ‌ഡോ ഓപ്പണിംഗായി കിട്ടാതെ ഒട്ടേറെ പേർ കാത്തിരിക്കുമ്പോൾ ആർ.ടി ഓഫീസുമായി അടുത്ത ബന്ധം പുലർത്തുന്ന ചില കൺസൾട്ടൻസികൾക്ക് വിൻഡോ ഓപ്പണിംഗ് സമയം മുൻകൂട്ടി അറിയിപ്പ് നൽകുന്നതായി ആരോപണമുണ്ട്. ഇത് സാധാരണ അപേക്ഷകരെ ബാധിച്ചിട്ടുണ്ട്. അഞ്ചുമാസമായിട്ടും ഡ്രൈവിംഗ് ടെസ്റ്റിന് തീയതിയും സമയവും കിട്ടാതെ വലയുന്നവരും ഏറെയാണ്. പരിവാഹൻ സൈറ്റിന്റെ സാങ്കേതിക പ്രശ്നവും തീയതി മുൻകൂർ എടുക്കുന്നതിനുള്ള പ്രശ്നം സൃഷ്ടിക്കുന്നു. ജോയിന്റ് ആ‌ർ.ടി. ഓഫീസിൽ നിന്നാണ് പരിഹാവൻ സൈറ്റ് ഓപ്പണിംഗ് നടത്തുന്നത്. ഇവിടെ ആവശ്യത്തിന് ഉദ്യോഗസ്ഥരുടെ കുറവും അപേക്ഷകരെ വലയ്ക്കുന്നുണ്ട്.

ദിവസവും 90 ലേണേഴ്സും 60 ഡ്രൈവിംഗ് ടെസ്റ്റും നടത്തണമെന്ന സർക്കാർ നിർദേശം പാലിക്കുന്നതായാണ് ആർ.ടി ഓഫീസ് അധികൃതർ പറയുന്നത്. ഓൺലൈൻ സംവിധാനം ആയതിനാൽ സ്വന്തമായി ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഡേറ്റ് എടുക്കാനാകും. ഡേറ്റ് എടുക്കുന്നവർ ടെസ്റ്റിന് എത്തിച്ചേരാതെ വന്നാൽ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടും. കൂടുതൽ പേർക്ക് ടെസ്റ്റ് നടത്താൻ അനുമതി ലഭിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ പക്ഷം. കൊവിഡിനെ തുടർന്നുള്ള ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അവശ്യസാധനങ്ങളുടെ കുറവുമെല്ലാം ആർ.ടി ഓഫീസ് പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളിയിൽ ആയിരത്തിലേറെ

കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി. ഓഫീസിൽ കെട്ടിക്കിടക്കുന്നത് ആയിരത്തിലധികം അപേക്ഷകളാണ്. സാധാരണ ജോയിന്റ് ആർ.ടി.ഓഫീസുകളിൽ ലേണേഴ്സ് ലൈസൻസ് ഒരാഴ്ചകൊണ്ടു ലഭിക്കുമ്പോൾ ഇവിടെ ഒരു മാസമെടുക്കുമെന്നാണ് പരാതി. പരിവാഹൻ സൈറ്റ് വഴി രേഖകൾ അപ് ലോഡ് ചെയ്യുന്ന അപേക്ഷകരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള വിൻഡോ ഓപ്പണിംഗ് നടത്തുന്നത് ഇവിടെയാണ്. ജോയിന്റ് ആ‌ർ.ടി.ഒയും രണ്ട് എം.വി.ഐയും മൂന്ന് എ.എം.വി.ഐയും ഉൾപ്പെടെ 15 ജീവനക്കാരാണ് ജോയിന്റ് ആർ.ടി. ഓഫീസിലുള്ളത്. ഇതിൽ ജോയിന്റ് ആർ.ടി.ഒ കൊവിഡ് ചികിത്സയിലാണ്. ഒരു എ.എം.വി.ഐ പ്രമോഷനായി മാറിപ്പോയി. ഡ്രൈവിംഗ് ടെസ്റ്റിന് തീയതി എടുക്കുന്നവരിൽ പലരും ഹാജരാകുന്നില്ല. ഇതിനാലാണ് മറ്റുള്ളവർക്ക് തീയതി കിട്ടാൻ താമസിക്കുന്നതെന്ന് ജോയിന്റ് ആർ.ടി. ഓഫീസ് അധികൃതർ പറയുന്നത്. പാലായിൽ മൂന്നു മാസത്തിലധികമായി ആർ.സി. പ്രിന്റിംഗ് പേപ്പറിന് ക്ഷാമമുണ്ട്. അഞ്ഞൂറിലധികം രജിസ്ട്രേഷൻ പാലാ ആർ.ടി. ഓഫീസിലുണ്ട്. ആർ.ടി. പേപ്പർ വരുമ്പോൾ അതിലുപയോഗിക്കുന്ന കവർ വരില്ല. സമീപകാലത്ത് ഇലക്ഷൻ ഡ്യൂട്ടിക്കും മറ്റുമായി ജീവനക്കാർ മാറിയതോടെ വാഹന രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ മന്ദഗതിയിലാണ്. ഉഴവൂർ ജോയിന്റ് ആർ.ടി ഓഫീസ് പരിധിയിൽ വാഹന രജിസ്ട്രേഷൻ കാത്തിരിപ്പ് ഇല്ലെന്നതാണ് സ്ഥിതി. ഈ ഓഫീസ് പരിധിയിൽ രജിസ്ട്രേഷൻ കാത്ത് ഫയലുകളില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വൈക്കത്തെല്ലാം കൃത്യം

'വൈക്കം ജോയിന്റ് ആ‌ർ.ടി ഓഫീസിൽ കൊവിഡ് വ്യാപനത്തിനിടയിലും സേവനങ്ങൾ തടസപ്പെട്ടിട്ടില്ല. സേവനങ്ങൾ കൂടുതലായും ഓൺലൈനായാണ് നൽകുന്നത്. ജീവനക്കാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാൽ വലിയ പരാതിക്കൾക്കിട നൽകാതെ സേവനങ്ങൾ ലഭ്യമാക്കാനാകുന്നുണ്ട്. സ്റ്റേഷനറി സാധനങ്ങൾ ഓഫീസിൽ ആവശ്യത്തിനുണ്ട്. ജീവനക്കാരുടെ കൂട്ടായ പരിശ്രമം മൂലം സേവനങ്ങൾ കാലതാമസം കൂടാതെ നൽകാനാവുണ്ട് '.

ഷൈനി മാത്യു

വൈക്കം ജോയിന്റ് ആർ.ടി.ഒ