കോട്ടയം:വേമ്പനാട്ടു കായലിന് ദോഷകാലമാണ്. വെള്ളം അപകടകരമാം വിധം വറ്റുന്നു. ചെളി നിറഞ്ഞ് ആഴം കുറയുന്നു. ഇവിടങ്ങളിൽ പാഴ്ച്ചെടികൾ വളർന്ന് ചതുപ്പായി മാറുന്നു. കായലിന്റെ ജലശേഷി നാലിൽ ഒന്നായി ചുരുങ്ങിയെന്നും ഇങ്ങനെ പോയാൽ വെള്ളം വറ്റി ചെളി നിറഞ്ഞ് ചെടികൾ വളർന്ന് ചതുപ്പുനിലമാകുമെന്നും അന്തർ ദേശീയ കായൽനില ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഡയറക്ടർ ഡോ.കെ.ജി.പത്മകുമാറാണ് പഠനത്തിന് നേതൃത്വം നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ, കായലിന്റെ ദുരന്തത്തെ പറ്റി മുന്നറിയിപ്പ് നൽകിയെങ്കിലും ഒരു വർഷമായി അത് പരിസ്ഥിതി വകുപ്പിന്റെ ഫയലിൽ ഉറങ്ങുകയാണ്.
കായലിൽ ചെടികൾ വളർന്നപ്പോഴാണ് പഠനം ആരംഭിച്ചത്. കുമരകം ചീപ്പുങ്കലിൽ വ്യാപകമായി ആമ്പൽ വളർന്നപ്പോൾ ഫെസ്റ്റ് നടത്തി ടൂറിസം വകുപ്പ് ആഘോഷമാക്കിയിരുന്നു. പക്ഷേ ഇതിനെ അതീവ ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്.
കായലിന്റെ ഒരുഭാഗത്ത് ചെളിത്തട്ടുകൾ രൂപപ്പെട്ട് ചതുപ്പ് ദ്വീപായി. മുൻപ് കായലിലെ ചെളി കുത്തിയെടുത്ത് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ കർഷകർ മട കെട്ടുകയും പറമ്പുകളിൽ നിറയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ എക്കൽ എടുക്കുന്നത് കുറഞ്ഞു. കുട്ടനാട്ടിലെ പല പറമ്പുകളുടെയും അടിത്തട്ടിൽ വെള്ളം നിറഞ്ഞെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്ഥിതി ഗുരുതരം
ആഴം കുറഞ്ഞ ഭാഗങ്ങൾ ചെടികൾ വളർന്ന് ചതുപ്പാകുന്നു
പ്രളയത്തിൽ എക്കലടിഞ്ഞ ഇടങ്ങളിൽ ചെടികൾ കൂടുതൽ
സൂര്യപ്രകാശം കായലിന്റെ അടിത്തട്ടിൽ പതിക്കുന്നതിനാൽ ചെടികൾ വളരുന്നു
കൈയേറ്റം മൂലം കായൽ നശിക്കുന്നു
മത്സ്യ സമ്പത്ത് 40% കുറഞ്ഞു
ഖനനം അരുത്
ചെളി കുത്തിയെടുത്ത് ആഴം കൂട്ടണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ഖനനം നടത്തിയാൽ കായൽ നശിക്കുമെന്ന് പഠനത്തിൽ പറയുന്നു. കുട്ടനാടൻ കർഷകർ ചെളി എടുത്ത് പാടത്ത് നിറയ്ക്കണം. ഗ്രാബ് എന്ന ചെറുയന്ത്രം ഉപയോഗിച്ച് ചെളി എടുക്കണമെന്നും നിർദ്ദേശിക്കുന്നു.
എക്കൽ 130 ടൺ വരെ
സാധാരണ ഒരുവർഷം ഹെക്ടറിൽ 26 ടൺ വരെ എക്കൽ അടിയാറുണ്ട്. പ്രളയകാലത്ത് മാന്നാറിലും പരിസരത്തും 130 ടൺ വരെയായി ഉയർന്നു.
'2.5 ക്യുബിക് കിലോമീറ്ററായിരുന്ന കായലിന്റെ ജലശേഷി നാലിലൊന്നായി ചുരുങ്ങി. കായലിൽ ഒരാൾപ്പൊക്കം പോലും ആഴമില്ലാത്ത സ്ഥലങ്ങളിൽ സൂര്യപ്രകാശം അടിത്തട്ടുവരെ ലഭിച്ചതോടെയാണ് മണ്ണിലുണ്ടായിരുന്ന വിത്തുകൾ മുളച്ചത്''.
- ഡോ.കെ.ജി.പത്മകുമാർ
'കായലിൽ ആമ്പൽ വളർന്നപ്പോൾ ഇടപെടൽ ആവശ്യപ്പെട്ട് പരിസ്ഥിതി വകുപ്പിന് നിവേദനം നൽകിയിരുന്നു. നടപടിയുണ്ടായില്ല''.
-ജോജി കൂട്ടുമ്മേൽ, ശാസ്ത്ര സാഹിത്യ പരിഷത്, സംസ്ഥാന കമ്മിറ്റി അംഗം